സ്വന്തം ലേഖകന്‍
കോഴിക്കോട്: ബിജെപി കേരളഘടകത്തിലും അച്ചടക്കവാള്‍ ഉയരുന്നു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുകയും പ്രചരണത്തില്‍ വീഴ്ച വരുത്തുകയും ചെയ്തവര്‍ക്കെതിരേ നടപടിയെടുക്കാനാണ് തീരുമാനം.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ അഞ്ചു സംഘങ്ങളായി തിരിച്ച് മുഴുവന്‍ മണ്ഡലങ്ങളിലെയും പ്രവര്‍ത്തകരുടെ നിര്‍ദേശവും അഭിപ്രായവും ക്രോഡീകരിച്ചാണ് പുനസംഘടനയും തുടര്‍ നടപടികളും തീരുമാനിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കാലയളവില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചാലും ഇല്ലെങ്കിലും ഒന്നുമില്ല എന്ന രീതിയിലുള്ള മനോഭാവം മാറ്റിയെടുക്കണം.
കുമ്മനം രാജശേഖരന്
പാര്‍ട്ടി വിരുദ്ധ പ്രസ്താവനകള്‍ നടത്തിയാല്‍ അച്ചടക്കനടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ സമിതിയും പ്രവര്‍ത്തിക്കും.
കുമ്മനത്തിനു പുറമേ ദേശീയ നിർവാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേശൻ എന്നിവരും അച്ചടക്ക സമിതിയില്‍ അംഗമാണ്.
മുന്‍പ് നടന്ന അച്ചടക്കലംഘനങ്ങളും സമിതിയുടെ പരിഗണനയില്‍ വരും. കാലതാമസമില്ലാതെ നടപടിയെടുക്കും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നടപടികള്‍ പൂര്‍ത്തിയാക്കും.
അതൃപ്തർ…
സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രൻ വന്നതോടെ പ്രവര്‍ത്തകരിലുണ്ടായ ആവേശം സംഘടനാതലത്തില്‍ ബിജെപിക്ക് പ്രവര്‍ത്തിക്കുന്നതിനു വലിയ വെല്ലുവിളി ഉയര്‍ത്തുന്നതായാണ് പാര്‍ട്ടി വിലയിരുത്തല്‍.
അതേസമയം ബിജെപി അവഗണനയില്‍ അതൃപ്തി അറിയിച്ച് മെട്രോമാന് ഇ. ശ്രീധരനും മുന്‍ ഡിജിപി ജേക്കബ് തോമസും രംഗത്തെത്തിയിട്ടുണ്ട്.
പാര്‍ട്ടിയില്‍നിന്നും പൊതുജന താത്പര്യ വിഷയങ്ങളില്‍ ഇടപെടാന്‍ പിന്തുണ ലഭിക്കുന്നില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു.
നിയമസഭാ തെരെഞ്ഞെടുപ്പ് സമയത്ത് ബിജെപിയില്‍ ചേര്‍ന്ന പല പ്രമുഖരേയും അവഗണിക്കുന്നതായാണ് പരാതി. ഇവരുമായി സംസ്ഥാന നേതൃത്വം ചര്‍ച്ച നടത്തും. കേന്ദ്രം നിര്‍ദേശിക്കുന്ന പ്രകാരമായിരിക്കും നടപടി.