ജോണ്സണ് വേങ്ങത്തടം
കൊച്ചി: കേരളത്തിലെ ബിജെപി സ്ഥാനാർഥി ലിസ്റ്റ് ഇനി അഖിലേന്ത്യാ അധ്യക്ഷൻ അമിത് ഷാ തയാറാക്കും. കേരള ഘടകം സമർപ്പിച്ച ലിസ്റ്റ് അമിത് ഷാ റദ്ദാക്കി. സംസ്ഥാനത്തെ പ്രമുഖർക്കു സീറ്റ് നിഷേധിച്ചു കൊണ്ടുള്ള ലിസ്റ്റാണ് റദ്ദാക്കിയത്. സാധ്യത ലിസ്റ്റിൽ പ്രമുഖരുടെ പേര് നിർദേശിച്ചെങ്കിലും മൂന്നാം സ്ഥാനത്തുമാത്രമാണ് ഇവരുടെ പേരുള്ളത്. അടുത്ത കാലത്തു ബിജെപിയിലേക്കു വന്ന ടോം വടക്കനെ പോലുള്ള നേതാക്കളുടെ പേരുകൾ പോലും ലിസ്റ്റിൽ ഇല്ലായിരുന്നു.
കേരള ഘടകത്തിന്റെ തമ്മിലടി മൂലം ഇതുവരെ സ്ഥാനാർഥി പ്രഖ്യാപനം നടത്താൻ കഴിയാത്തതിന്റെ ക്ഷീണം ബിജെപി നേരിടുന്പോൾ കടുത്ത അസംതൃപ്തിയിലാണ് അമിത്ഷാ. പത്തനംതിട്ട സീറ്റിൽ തട്ടിയാണ് സ്ഥാനാർഥി ലിസ്റ്റ് വൈകുന്നത്. സംസ്ഥാനപ്രസിഡന്റ് ശ്രീധരൻപിള്ള-കൃഷ്ണദാസ് പക്ഷവും മുൻ അധ്യക്ഷൻ വി. മുരളീധരൻ- കെ.സുരേന്ദ്രൻ പക്ഷവും ഇരുഭാഗത്തുനിന്നു ശക്തമായി പോരാടുന്പോൾ സ്ഥാനാർഥികളെ നിശ്ചയിക്കാൻ കഴിയാതെ വലയുകയാണ് ബിജെപി.
കെ. സുരേന്ദ്രനു സീറ്റ് നിഷേധിച്ചുള്ള കളിയുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ശ്രീധരൻപിള്ള എന്ന ആരോപണം ശക്തമാണ്. തൃശൂർ സീറ്റിലേക്കു ബിജെപി ജില്ലാഘടകം ആവശ്യപ്പട്ടതു കെ. സുരേന്ദ്രന്റെ പേരാണെങ്കിലും ബിഡിജഐസിനു നൽകി തുഷാറിനെ ഇറക്കുമതി ചെയ്യാനുള്ള ശ്രീധരൻപിള്ളയുടെ വാശി സുരേന്ദ്രനെ വെട്ടാനായിരുന്നുവെന്ന ആരോപണം ശക്തമായിരിക്കുകയാണ്. തൃശൂരിൽ പാർട്ടിപ്രവർത്തകർ ശ്രീധരൻപിള്ളയ്ക്കെതിരേ തിരിഞ്ഞിരിക്കുകയാണ്.
സുരേന്ദ്രനു സീറ്റ് നിഷേധിക്കുന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ബിജെപി പ്രവർത്തകർ പറയുന്നത്. സുരേന്ദ്രനു സീറ്റ് നിഷേധിക്കാൻ എം.ടി രമേശിനെയും രംഗത്തിറക്കി. പത്തനംതിട്ട സീറ്റിനു വേണ്ടി ശ്രീധരൻപിള്ള മാത്രമല്ല, എം.ടി രമേശും അൽഫോൻസ് കണ്ണന്താനവും രംഗത്ത് വന്നു.
ഇഷ്ടപ്പെട്ട സീറ്റില്ലെങ്കിൽ മത്സരിക്കാനില്ലെന്ന പിടിവാശിയിലാണ് നേതാക്കൾ. സീറ്റിനായി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻപിള്ളയും സംസ്ഥാന ജനറൽ സെക്രട്ടറിമാരും മത്സരിക്കുകയാണ്. ഇതിനിടയിൽ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പോലുള്ള നേതാക്കൾ ഇഷ്ടപ്പെട്ട സീറ്റ് ലഭിച്ചില്ലെങ്കിൽ മത്സരിക്കില്ലെന്ന് അറിയിച്ചു കഴിഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.സുരേന്ദ്രൻ, എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ തുടങ്ങിയവർക്കു സീറ്റില്ലാത്ത അവസ്ഥയാണ്. കെ. സുരേന്ദ്രനു താൽപര്യം പത്തനംതിട്ടയാണ്.എന്നാൽ ഈ സീറ്റ് സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയ്ക്കുവേണം.
ഈ സീറ്റിനായി മോഹിച്ച കെ.സുരേന്ദ്രനും, എം.ടി രമേശും അൽഫോൻസ് കണ്ണന്താനവും മത്സരരംഗത്തുണ്ടാകാനുള്ള സാധ്യത കുറവാണ്. സംസ്ഥാന അധ്യക്ഷന്റെ ലിസ്റ്റ് പ്രകാരം അൽഫോൻസ് കണ്ണന്താനത്തിനു കൊല്ലം കൊടുക്കും. എം.ടി രമേശിനു കോഴിക്കോട്. ശോഭാ സുരേന്ദ്രനു ആറ്റിങ്ങൽ. പാലക്കാട് സി.കൃഷ്ണകുമാർ. എന്നാൽ ഇതിലെല്ലാം മാറ്റം വരുത്തിയില്ലെങ്കിൽ ചില സീറ്റുകളിൽ മാറ്റം വരുത്തുമെന്നുറപ്പാണ്.
മീസോറാം ഗവർണർ സ്ഥാനം രാജി വച്ചു കുമ്മനം രാജശേഖരൻ കേരളത്തിലേക്കു കടന്നു വന്നതും തുഷാർ വെള്ളാപ്പിള്ളിയെ തൃശൂർ മത്സരിപ്പിക്കണമെന്നുള്ള ശ്രീധരൻപിള്ളയുടെ താൽപര്യവുമാണ് പ്രശ്നമായത്. കോണ്ഗ്രസിൽ നിന്നും ചാടി ബിജെപിയിലെത്തിയ ടോം വടക്കനു താല്പര്യം തൃശൂരാണ്. ഇക്കുറി മത്സരിപ്പിക്കാതെ രാജ്യസഭ സീറ്റ് നൽകി കൂടെ നിർത്താനുള്ള നീക്കവും നടക്കുന്നുണ്ട്. അല്ലെങ്കിൽ എറണാകുളം നൽകും.
ബിജെപി ഇന്നുവരെ കേരളത്തിൽ നിന്നും പാർലമെന്റിലേക്കു വിജയിച്ചിട്ടില്ല. എന്നാൽ സർവ്വേ പ്രകാരം ബിജെപി അക്കൗണ്ട് തുറക്കുമെന്നു പറയുന്നു. എന്നിട്ടും സ്ഥാനാർഥികളെ പ്രഖ്യാപിക്കാതെ വലയുന്പോഴാണ് അമിത്ഷാ രംഗത്തിറങ്ങിയിരിക്കുന്നത്.