കോഴിക്കോട്: ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ സംസ്ഥാനത്ത് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ധാരണയായെങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തിന് ഇനിയും കാത്തിരിക്കണം. ഉത്തരേന്ത്യയില്‍ ഹോളി ആയതിനാല്‍ ഇന്ന് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാന്‍ സാധ്യതയില്ലെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.
ഇതോടെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് കാത്തിരുന്ന നേതാക്കളുടേയും പ്രവര്‍ത്തകരുടേയും പ്രതീക്ഷകള്‍ക്ക് നിറംമങ്ങി. ഉത്തരേന്ത്യയില്‍ ബിജെപി ഹോളി ആഘോഷിക്കുമ്പോഴും സീറ്റ് തര്‍ക്കത്തില്‍ മങ്ങലേറ്റ ബിജെപി കേരളഘടകം ഹോളി ആഘോഷം “ഒഴിവാക്കി’.
ഇന്നലെ രാത്രി ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം പട്ടിക പുറത്തിറക്കുമെന്നായിരുന്നു പ്രവര്‍ത്തകരും നേതാക്കളും പ്രതീക്ഷിച്ചത്. എന്നാല്‍ പിന്നീട് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഹോളി ആഘോഷ കാരണം പറഞ്ഞ് പട്ടിക ഇപ്പോള്‍ വീണ്ടും വൈകിപ്പിക്കുകയാണ്.
സംസ്ഥാനത്ത് ഇടത്-വലത് മുന്നണികള്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ച് പ്രചാരണം ആരംഭിച്ചിട്ടും ബിജെപി സ്ഥാനാര്‍ഥികള്‍ കളത്തില്‍ ഇറങ്ങാത്തത് അണികള്‍ക്കിടയില്‍ ഇതിനകം തന്നെ അസംതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. തിരുവന്തപുരം സീറ്റില്‍ മാത്രമായിരുന്നു വലിയ തര്‍ക്കങ്ങളില്ലാതെ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്.
മറ്റുള്ള 19 സീറ്റുകളിലും സ്ഥാനാര്‍ഥികളാരാണെന്ന് സംബന്ധിച്ച് ഇന്നലെയാണ് ധാരണയായത് . ബിജെപി 14 സീറ്റുകളിലും ബിഡിജെഎസ് അഞ്ചു സീറ്റുകളിലുമാണ് മത്സരിക്കുന്നത്. വയനാട്, ആലത്തൂര്‍ , തൃശ്ശൂര്‍, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുക.
കേരളാ കോണ്‍ഗ്രസ് നേതാവ് പിസി തോമസിന് കോട്ടയത്തും സീറ്റ് നല്കി. അനിശ്ചിതത്വങ്ങള്‍ അവസാനിപ്പിച്ച് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് പത്തനംതിട്ടയും അല്‍ഫോന്‍സ് കണ്ണന്താനത്തിന് എറണാകുളത്തും ശോഭസുരേന്ദ്രന്‍ ആറ്റിങ്ങലിലുമാണ് സീറ്റ് നല്കിയതെന്നാണറിയുന്നത്.
നേട്ടം പ്രതീക്ഷിക്കുന്ന സീറ്റുകള്‍ക്കായുള്ള തര്‍ക്കം ദിവസങ്ങളോളം നീണ്ടത് പ്രവര്ത്തകര്ക്കിടയും അതൃപ്തിക്കിടയാക്കിയിരുന്നു. തിരുവനന്തപുരത്ത് മത്സരിക്കാന്‍ കുമ്മനം രാജശേഖരന് എത്തിയതോടെയാണ് മറ്റു സീറ്റുകളിലേക്ക് തര്‍ക്കം നീങ്ങിയത്.
തിരുവനന്തപുരം കിട്ടില്ലെന്നുറപ്പായതോടെ മറ്റു നേതാക്കള്‍ പത്തനംതിട്ടയ്ക്കായി അരയും തലയും മുറുക്കി. ഇതിനു പുറമേ തൃശൂരിനും പാലക്കാടിനും വേണ്ടിയും വടംവലി നടന്നു. ഇതോടെ സീറ്റിന് വേണ്ടി മാരത്തണ്‍ ചര്‍ച്ചയ്ക്കാണ് പിന്നീട് വഴിയൊരുക്കിയത്. സംസ്ഥാന പ്രസിഡന്റുവരെ സീറ്റിന് വേണ്ടി സ്വരം കടുപ്പിച്ചതോടെ പ്രവര്‍ത്തകരും നിരാശരായി.
അതേസമയം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പേ തന്നെ എല്‍ഡിഎഫും ചില മണ്ഡലങ്ങളില്‍ യുഡിഎഫും പ്രചാരണത്തിനായി രംഗത്തിറങ്ങിയിരുന്നു. കണ്‍വന്‍ഷനും കുടുംബയോഗങ്ങളുമായി ഇരുമുന്നണികളും മുന്നേറുമ്പോഴും ബിജെപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത് താഴേത്തട്ടിലുള്ള പ്രവര്‍ത്തകരെവരെ നിരാശരാക്കിയിരുന്നു.
പലയിടത്തും ചുവരെഴുത്തിനായി ബുക്ക് ചെയ്തതല്ലാതെ സ്ഥാനാര്‍ഥികളുടെ പേരെഴുതി ചേര്‍ക്കാന്‍ കഴിയാത്തതിന് ഇന്ന് പരിഹാരമാവുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവര്‍ത്തകര്‍. എന്നാല്‍ ഹോളിയില്‍ മുങ്ങി വീണ്ടും സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതോടെ പ്രവര്‍ത്തകരുടെ മുഖത്തും പ്രതീക്ഷയുടെ നിറങ്ങള്‍ക്ക് മങ്ങലേറ്റിരിക്കുകയാണ്.