ലക്നോ: ഉന്നാവോയിൽ പതിനെട്ടുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ ആരോപണവിധേയനായ ബിജെപി എംഎൽഎയ്ക്കു പിന്തുണയുമായി മറ്റൊരു ബിജെപി എംഎൽഎ രംഗത്ത്. മൂന്നു കുട്ടികളുടെ അമ്മയൊയ സ്ത്രീയെ പീഡിപ്പിക്കാൻ കഴിയില്ലെന്നാണ് ബൈരിയയിൽനിന്നുള്ള ബിജെപി എംഎൽഎ സുരേന്ദ്ര സിംഗിന്റെ വാദം.
ഞാൻ മനശാസ്ത്ര സംബന്ധമായ കാഴ്ചപ്പാടിൽനിന്നാണ് പറയുന്നത്. മൂന്നു കുട്ടികളുടെ മാതാവിനെ ആർക്കും ബലാത്സംഗം ചെയ്യാൻ കഴിയില്ല. അത് അസാധ്യമാണ്. ഇപ്പോൾ സംഭവിക്കുന്നത് കുൽദീപ് സെംഗാറിനെതിരായ ഗൂഡാലോചനയാണ്. ചിലപ്പോൾ അവളുടെ അച്ഛനെ ചിലർ മർദിച്ചിരിക്കും. എന്നാൽ ബലാത്സംഗക്കേസ് ഞാൻ വിശ്വസിക്കില്ല- സുരേന്ദ്ര സിംഗ് പറഞ്ഞതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം, യുപിയിലെ ബിജെപി വക്താവ് ദീപ്തി ഭരദ്വാജ് നിലവിലെ പ്രശ്ങ്ങൾ യോഗി ആദിത്യനാഥ് സർക്കാരിന്റെ കഴിവുകേടാണെന്നു കുറ്റപ്പെടുത്തി.
ഉന്നാവോയിൽ പതിനെട്ടുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവവുമായും പെണ്‍കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ മരിച്ചതുമായും ബന്ധപ്പെട്ട് ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന്റെ സഹോദരൻ അതുൽ സിംഗിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കുൽദീപ് സിംഗും സഹോദരനുമാണ് തന്നെ മാനഭംഗപ്പെടുത്തിയതെന്നും തന്റെ പിതാവിന്റെ മരണത്തിൽ ഇവർ ഉത്തരവാദികളാണെന്നുമാണ് പെണ്‍കുട്ടിയുടെ ആരോപണം.