നിയാസ് മുസ്തഫ
മൂന്നു ലോക്സഭാ സീറ്റുകളിലേക്കും 13 സംസ്ഥാനങ്ങളിലെ 29 നിയമസഭാ സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചത്ര വിജയം നേടാനാവാതെ പോയതിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന് അതൃപ്തി.
ഇതോടെ രണ്ടു ബിജെപി മുഖ്യമന്ത്രിമാർക്ക് സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലായി. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂറിന്റെയും കർണാടക മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈയുടെയും നിലയാണ് പരുങ്ങലിലായത്.
ഹിമാചൽ പ്രദേശിൽ തെരഞ്ഞെടുപ്പ് നടന്ന മൂന്നു നിയമസഭാ മണ്ഡലത്തിലും ഒരു ലോക്സഭാ മണ്ഡലത്തിലും ബിജെപിയുടെ ബദ്ധവൈരികളായ കോൺഗ്രസ് വിജയിച്ചത് ബിജെപിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്.
ഏറ്റവും കയ്പേറിയ തെരഞ്ഞെടുപ്പുഫലം എന്ന നിലയ്ക്കാണ് ബിജെപി കേന്ദ്രനേതൃത്വം ഹിമാചൽ പ്രദേശിലെ തെരഞ്ഞെടുപ്പ് തോൽവിയെ കാണുന്നത്.
അടുത്തവർഷം തെരഞ്ഞെടുപ്പിലേക്ക് പോകുന്ന സംസ്ഥാനം കൂടിയാണ് ഹിമാചൽ പ്രദേശ് എന്നതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വത്തിൽനിന്ന് ജയ് റാം താക്കൂറിന് മാറിനിൽക്കാനാവില്ല.
ഹിമാചൽപ്രദേശിൽ ഉപതെരഞ്ഞെടുപ്പു നടന്ന ജുബ്ബൽ-കോട്ഖായി, ആർകി, ഫത്തേപ്പുർ മണ്ഡലങ്ങളിലാണ് കോൺഗ്രസ് വിജയിച്ചത്.
ഇതിൽ ജുബ്ബൽ-കോട്ഖായി ബിജെപിയുടെ കൈവശമുണ്ടായിരുന്ന സീറ്റായിരുന്നു. താക്കൂറിനെ മുഖ്യമന്ത്രി സ്ഥാനത്തു നിലനിർത്തി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടേണ്ടതുണ്ടോയെന്ന ചർച്ച ബിജെപിക്കുള്ളിൽ തുടങ്ങിക്കഴിഞ്ഞു.
കർണാടകയിൽ ബിജെപിയിൽനിന്ന് ഹാൻഗൽ നിയമസഭാ മണ്ഡലം കോൺഗ്രസ് തിരിച്ചുപിടിച്ചത് ബിജെപിക്ക് വലിയൊരു നാണക്കേടായി.
ദക്ഷിണേന്ത്യയിൽ ബിജെപിക്ക് ശക്തിയുള്ള സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഭരണത്തിലിരിക്കുന്പോൾ പോലും വിജയിക്കാനാവാത്തതിലും സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടതിലും കേന്ദ്ര നേതൃത്വം അസ്വസ്ഥരാണ്.
കർണാടകയിൽ സിൻദ്ജി മണ്ഡലം ബിജെപി വിജയിച്ചപ്പോൾ ഹാൻഗൽ കോൺഗ്രസിനൊപ്പം നിൽക്കുകയായിരുന്നു. സിൻദ്ജി ജെഡി-എസിന്റെയും ഹാൻഗൽ ബിജെപിയുടെയും സിറ്റിംഗ് സീറ്റുകളായിരുന്നു.
ഈ വർഷം ജൂലൈയിലാണ്് ബസവരാജ് എസ് ബൊമ്മൈ കർണാടകയിൽ മുഖ്യമന്ത്രിയായത്. ബിഎസ് യെദ്യൂരപ്പയെ മാറ്റിയാണ് അദ്ദേഹത്തെ ബിജെപി കേന്ദ്രനേതൃത്വം മുഖ്യമന്ത്രി ആക്കിയത്.
മുഖ്യമന്ത്രി സ്ഥാനത്തെത്തി ആറുമാസംപോലും തികയ്ക്കുംമുന്പേ നടന്ന ഉപതെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുത്തിയതിൽ കേന്ദ്രനേതൃത്വം അതൃപ്തിയിലാണ്.