സ്വന്തം ലേഖകൻ
തൃശൂർ: ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയെ വരവേൽക്കുന്നതിനു തൃശൂരിൽ സുരക്ഷാ സന്നാഹങ്ങൾ. നാളെ രാവിലെ മുതൽ പരിപാടികൾ നടക്കുന്ന കാസിനോ ഹോട്ടലിലും വൈകുന്നേരം നാലിന് പൊതുസമ്മേളനം നടക്കുന്ന തെക്കേഗോപുരനടയിലും പോലീസും എസ്പിജി സംഘങ്ങളും കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി.
തെക്കേഗോപുരനടയിൽ സമ്മേളനത്തിന് എത്തുന്ന പ്രവർത്തകരെ അന്പതു പേർ വീതമുള്ള ഗ്രൂപ്പുകളാക്കി തിരിച്ചാണ് ഇരിപ്പിടങ്ങൾ ഒരുക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങൾക്കുശേഷം നടക്കുന്ന ഏറ്റവും വലിയ പൊതുസമ്മേളനമായിരിക്കും തൃശൂരിൽ നടക്കുന്നത്. കാസിനോ ഹോട്ടലിലെ സമ്മേളനത്തിനും അകലം പാലിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും സാമൂഹിക അകലം പാലിക്കാനുമായാണ് ഈ സജ്ജീകരണം. നാളെ ഉച്ചയ്ക്കു രണ്ടര മുതൽ തൃശൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും.
നിയമസഭാ തെരഞ്ഞെടുപ്പിനു ബിജെപിയുടെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നവരെ അഭിസംബോധന ചെയ്യാനും കേരളത്തിലെ വിവിധ സാമുദായിക നേതാക്കളുമായി ആശയവിനിമയം നടത്താനുമാണ് ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ എത്തുന്നത്.
കേരളത്തിലെ 140 നിയോജമകമണ്ഡലങ്ങളിൽനിന്നും രണ്ടു പേർവീതമാണ് യോഗത്തിൽ പങ്കെടുക്കുക. നിയോജകമണ്ഡലം പ്രസിഡന്റുമാരും തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ ചുമതലക്കാരനും.
ഇതിനു പുറമേ, ജില്ലാ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എന്നിവരും പങ്കെടുക്കും. കാസിനോ ഹോട്ടലിലെ ഓഡിറ്റോറിയത്തിൽ നാനൂറു പേരെയാണു പ്രവേശിപ്പിക്കുക.
ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന മതനേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ നൂറിലേറെ സമുദായനേതാക്കൾ പങ്കെടുക്കും. പൊതുസമ്മേളനത്തിനു പ്രവർത്തകരെ എത്തിക്കാൻ ജില്ലയിലെ വിവിധ ബൂത്തുകളിൽനിന്നായി നാനൂറിലേറെ വാഹനങ്ങൾ ബുക്ക് ചെയ്തിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളിലും പ്രവർത്തകർ എത്തും.
നഗരം ഫ്ളക്സ് ബോർഡുകൾ കൊണ്ടും കുങ്കുമ ഹരിത ബിജെപി പതാകകൾകൊണ്ടും നിറഞ്ഞു. ജില്ലാ അതിർത്തിയായ കറുകുറ്റി മുതൽ കൊടിയും സ്വാഗത ബോർഡുകളും ഉയർന്നു.