വിവാദ പ്രസ്താവന തുടരുന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് ബിജെപിക്ക് തലവേദനയെന്ന് മുതിർന്ന നേതാക്കൾ. വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും അതിനാലാണ് അദേഹത്തെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നതെന്നും പേര് വെളിപ്പെടുത്താനഗ്രഹിക്കാത്ത ബിജെപി നേതാവ് പറഞ്ഞതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2019ലെ തെരഞ്ഞെടുപ്പിനായി ബിജെപി തയാറായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെയുള്ള ഇത്തരം മണ്ടൻ പ്രസ്താവനകൾ പാർട്ടിക്ക് ദേഷം ചെയ്യും. വടക്-കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് 21-25 സീറ്റുകളാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ഇത് ബിപ്ലബ് ഇല്ലാതാക്കുമെന്നും ബിജെപി നേതാവ് പറഞ്ഞു. മേയ് രണ്ടാം തീയതി ഡൽഹിയിലെത്തി ബിപ്ലബ് പ്രധാനമന്ത്രിയെയും പാർട്ടി അധ്യക്ഷൻ അമിത് ഷായെയും കാണുമെന്ന് മുതിർന്ന ബി ജെ പി നേതാവ് അറിയിച്ചു.
സർക്കാർ ജോലിക്ക് പിന്നാലെ നടക്കാതെ പശുവിനെ വളർത്തി ജീവിക്കാൻ യുവാക്കളോട് നിർദേശിച്ചതാണ് ബിപ്ലബ് ഉണ്ടാക്കിയ പുതിയ വിവാദം. ഒരു വീട്ടിൽ ഒരു പശുവുണ്ടെങ്കിൽ പിന്നെയെന്തിനാണ് യുവാക്കൾ സർക്കാർ ജോലിയുടെ പിന്നാലെ ഓടുന്നത്. ഒരു ലിറ്റർ പാൽ വിൽക്കുന്നതിലൂടെ 50 രൂപ സന്പാദിക്കാൻ കഴിയും. അതുവഴി ബിരുദധാരികൾക്ക് പത്ത് വർഷത്തിനുള്ളിൽ പത്ത് ലക്ഷം രൂപ സന്പാദിക്കാൻ കഴിയും. പിന്നെയെന്തിനാണ് സർക്കാർ ജോലിക്കായി രാഷ്ട്രീയകാരുടെ പിന്നാലെ പോകുന്നതെന്നുമായിരുന്നു ബിപ്ലബ് കുമാറിന്റെ ചോദ്യം.
വേൾഡ് വെറ്റിനറി ഡേയുടെ ഭാഗമായി ത്രിപുര വെറ്റിനറി കൗണ്സിന്റെ നേതൃത്വത്തിൽ നടത്തിയ സെമിനാറിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം ചോദിച്ചത്. അതേസമയം ബിപ്ലബിനെതിരേ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പ്രവാഹമാണ്. സിവിൽ സർവീസ് പരാമർശമാണ് ഏറ്റവുമധികം ട്രോളുകൾക്ക് വിഷയമായിരിക്കുന്നത്.