പുനെ: മാതാപിതാക്കളോട് മോശമായി സംസാരിക്കുന്നതിൽ തെറ്റില്ലെന്നും മോദിയെയും ഷായെയും കുറ്റപ്പെടുത്തുന്നത് ജനങ്ങൾ സഹിക്കില്ലെന്നുമുള്ള മഹാരാഷ്ട്ര ബിജെപി നേതാവിന്റെ പ്രസ്താവന വിവാദമാകുന്നു.
വിവാദപ്രസ്താവനകളുടെ പ്രിയ തോഴനായ മഹാരാഷ്ട്ര ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടീലാണ് ഈ പരാമർശം നടത്തിയത്.
പുനെയിലെ സ്വകാര്യ ചടങ്ങിനിടെയാണ് സംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രിയായ പാട്ടീൽ ഇക്കാര്യം പറഞ്ഞത്.
കോലാപ്പൂർ മേഖലയിൽ മാതാപിതാക്കളെ അധിക്ഷേപിക്കുന്നത് സ്ഥിരം സംഭവമാണെന്നും ഇത് കുഴപ്പമില്ലെന്നും പറഞ്ഞ പാട്ടീൽ, ആരെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അഭ്യന്തര മന്ത്രി അമിത് ഷായെയും അധിക്ഷേപിച്ചാൽ പ്രദേശത്തെ ജനങ്ങൾ സഹിക്കില്ലെന്ന് കൂട്ടിച്ചേർത്തു.
പാട്ടീലിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ കക്ഷികൾ രംഗത്ത് വന്നുകഴിഞ്ഞു. മാതാപിതാക്കളെ അപമാനിക്കുന്നതാണെന്ന് ബിജെപിയുടെ ഹിന്ദുത്വ നിലപാടെന്ന് ശിവസേന വിമർശിച്ചു.
കോലാപ്പൂരിന്റെയും സംസ്ഥാനത്തിന്റെയും സംസ്കാരത്തെ അപമാനിക്കുന്നത് ശരിയല്ലെന്ന് പ്രതികരിച്ച എൻസിപി, നേതാക്കളെ പുകഴ്ത്തുന്പോൾ ശ്രദ്ധ പാലിക്കണമെന്നും മാതാപിതാക്കളെ അപമാനിക്കുന്നത് ശരിയല്ലെന്നും പ്രസ്താവിച്ചു.