ഗോഹട്ടി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ആസാമിൽ മുഖ്യമന്ത്രിയെ പ്രതിഷേധമറിയിച്ചു ബിജെപി എംഎൽഎമാർ. 12 ബിജെപി എംഎൽഎമാരാണു മുഖ്യമന്ത്രി സർബാനന്ദ സൊനാവാളിനെ സന്ദർശിച്ച് ആശങ്കയറിയിച്ചത്.
ബംഗ്ലാദേശിൽനിന്ന് ഇന്ത്യയിലേത്തുന്ന ഒരു അനധികൃത കുടിയേറ്റക്കാരനും പൗരത്വം നൽകരുതെന്നാണു ജനങ്ങളുടെ ആവശ്യമെന്നും അതിൽ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചയുണ്ടായാൽ ജനങ്ങളെ ബോധ്യപ്പെടുത്താനാവില്ലെന്നും എംഎൽഎമാർ മുഖ്യമന്ത്രിയെ അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി തങ്ങൾ വീട്ടിൽനിന്നു പുറത്തിറങ്ങാൻപോലും കഴിയാത്ത സാഹചര്യമാണുള്ളതെന്നും പ്രതിഷേധം ഭയന്നു ഗോഹട്ടിയിൽ തങ്ങുകയാണെന്നും എംഎൽഎമാർ ചൂണ്ടിക്കാട്ടി. തങ്ങൾ അക്രമിക്കപ്പെടുമോ എന്ന ആശങ്കയും അവർ പങ്കുവച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ വൻ പ്രക്ഷോഭമാണു സംസ്ഥാനത്തു നടക്കുന്നത്. പോലീസ് വെടിവയ്പിൽ ആറു പേർ കൊല്ലപ്പെട്ടതായാണു റിപ്പോർട്ട്. പത്തു ദിവസമായി ഇന്റർനെറ്റ് നിരോധിച്ചിരുന്നെങ്കിലും ഹൈക്കോടതി ഉത്തരവിനെ തുടർന്നു വെള്ളിയാഴ്ച ഇതു പിൻവലിച്ചു.