ഗുവാഹത്തി: ഗോമൂത്രവും ചാണകവും ഉപയോഗിച്ച് കൊറോണ വൈറസിനെ ഇല്ലാതാക്കാമെന്ന് ബിജെപി എംഎൽഎ. ആസാമിലെ ബിജെപി എംഎൽഎ സുമൻ ഹരിപ്രിയയുടേതാണ് പുതിയ പ്രസ്താവന. നിയമസഭാ സമ്മേളനത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.
കാൻസർ പോലുള്ള മാരക രോഗങ്ങൾ ഭേദമാക്കാൻ ഗോമൂത്രവും ചാണകവും സഹായകമാണെന്നും അവർ പറഞ്ഞു. ചാണകം വളരെ സഹായകരമാണെന്ന് നമുക്കെല്ലാവർക്കും അറിയാം.
അതുപോലെ ഗോമൂത്രം തളിക്കുന്പോൾ അത് ഒരു പ്രദേശത്തെ ശുദ്ധീകരിക്കുന്നു. അതുപോലെ ഗോമൂത്രവും ചാണകവും ഉപയോഗിച്ച് കൊറോണ വൈറസിനെ ഇല്ലാതാകാൻ കഴിയുമെന്നാണ് താൻ വിശ്വസിക്കുന്നുവെന്നും സുമൻ പറഞ്ഞു.
കന്നുകാലി കടത്തിനെ കുറിച്ച് നിയമസഭയിൽ നടന്ന ചർച്ചയിലാണ് സുമൻ ഹരിപ്രിയയുടെ ഈ പ്രതികരണം. മതപരമായ ചടങ്ങുകൾക്കിടയിൽ ചാണകവും ഗോമൂത്രവും ഉപയോഗിക്കുന്നതിന് പിന്നിൽ ശാസ്ത്രീയ കാരണങ്ങളുണ്ടെന്നും അവർ പറഞ്ഞു.
പശുക്കൾ വളരെ പ്രധാനമാണെന്നും സുമൻ ഹരിപ്രിയ കൂട്ടിച്ചേർത്തു.