ലക്നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എയ്ക്കെതിരേ പീഡനക്കേസ്. ബദോഹി എംഎല്‍എ രവീന്ദ്രനാഥ് ത്രിപാഠി അടക്കം ഏഴ് പേരാണ് പീഡനക്കേസിൽ ഉൾപ്പെട്ടത്.
എംഎൽഎയോടൊപ്പം അദ്ദേഹത്തിന്റെ മരുമകൻ, അഞ്ച് കുടുംബാംഗങ്ങൾ എന്നിവർക്കെതിരേയാണ് ബദോഹി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വാരാണസിയില്‍ നിന്നുള്ള യുവതിയാണ് പരാതിക്കാരി. 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലി വാഗ്ദാനം ചെയ്തു വിളിച്ചുവരുത്തി പീഡനത്തിനിരയാക്കി എന്നാണ് യുവതിയുടെ മൊഴി.
ഭീഷണിപ്പെടുത്തി ഹോട്ടലില്‍ താമസിപ്പിച്ച് ഒരു മാസത്തോളം പീഡനത്തിന് ഇരയാക്കി. ഗര്‍ഭിണിയായതോടെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കി എന്നും പരാതിയില്‍ പറയുന്നു.
പീഡനത്തിനിരയാക്കല്‍, ഭീഷണിപ്പെടുത്തൽ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
ഉന്നാവ് പീഡന കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെൻഗാര്‍ ജയില്‍ശിക്ഷ അനുഭവിക്കേയാണ് മറ്റൊരു എംഎല്‍എ കൂടി അറസ്റ്റിലായിരിക്കുന്നത്.