ഭൂവനേശ്വർ: മുസ്ലിം വനിതകൾക്കെതിരേ അപകീര്‍ത്തികരമായ പരാമർശം നടത്തിയ ഒഡീഷയിലെ ബിജെപി എംഎല്‍എ വിവാദത്തിൽ. മുംബൈയിലെയും കോൽക്കത്തയിലെയും ചുവന്ന തെരുവുകളിൽ മുസ്ലിം സ്ത്രീകളാണു മുന്നിട്ടുനിൽക്കുന്നതെന്നായിരുന്നു എംഎല്‍എയുടെ വിവാദ പരാമർശം. മുത്തലാക്ക് ബില്ലിനെക്കുറിച്ച് നിയമസഭയുടെ ശൂന്യവേളയിൽ നടന്ന ചർച്ചയ്ക്കിടെ പത്ര മാസികകളിലെ സർവേ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണ് എംഎൽഎ ആരോപണം ഉന്നയിച്ചത്.
പരാമർശം ഉടൻ പിൻവലിക്കണമെന്നു കോൺഗ്രസിലെയും ഭരണകക്ഷിയായ ബിജു ജനതാദളിലെയും അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ തന്റെ ഭാഗം വീണ്ടും ന്യായീകരിക്കുകയായിരുന്നു എംഎൽഎ. സഭയിൽ സർവേ റിപ്പോർട്ട് ഉദ്ധരിച്ച് സംസാരിക്കുന്നതിൽ എന്താണു തെറ്റെന്നു ചോദിച്ച എംഎൽഎ, താനൊരു സമുദായത്തിനെതിരേയും സംസാരിച്ചിട്ടില്ലെന്നും വാദിച്ചു.