ബംഗളൂരു: അന്താരാഷ്ട്ര വനിതാദിനത്തിനിടെ സിന്ദൂരം അണിയാതെ നിന്ന യുവതിയെ ശകാരിച്ച് ബിജെപി എം പി. കര്‍ണാടകയിലെ കോലാറില്‍ നിന്നുള്ള എംപി കെ മുനിസ്വാമിയാണ് സിന്ദൂരം അണിയാത്തതിന് യുവതിയെ ശകാരിച്ചത്.
കോലാറില്‍ നടന്ന മേള ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു എം പി. വസ്ത്രങ്ങള്‍ വില്‍ക്കുന്ന സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് കച്ചവടക്കാരിയെ ശകാരിച്ചത്.
നിങ്ങളുടെ പേരെന്താണ്.. എന്തുകൊണ്ട് നെറ്റിയില്‍ സിന്ദൂരം അണിഞ്ഞില്ല, സ്റ്റാളിന് വൈഷ്ണവി എന്ന് പേരിട്ടിരിക്കുന്നു. നെറ്റിയില്‍ സിന്ദൂരം അണിയൂ.. നിങ്ങളുടെ ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടല്ലോ, അല്ലേ – എംപി ചോദിച്ചു.
സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ വൈറലായതിനു പിന്നാലെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.
ബിജെപി ഇന്ത്യയെ ‘ഹിന്ദുത്വ ഇറാന്’ ആക്കുമെന്ന് കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം ട്വീറ്റ് ചെയ്തു.