ഭോപ്പാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വലിച്ചിടാന്‍ ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ടെന്നുള്ള ഓഡിയോ ക്ലിപ്പ് മധ്യപ്രദേശില്‍ വ്യാപകമായി പ്രചരിക്കുന്നു.
ഇക്കാര്യം അവകാശപ്പെട്ട് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് സംസാരിക്കുന്നതായി അവകാശപ്പെടുന്ന ശബ്ദരേഖയാണ് പുറത്തായിരിക്കുന്നത്. കോണ്‍ഗ്രസ് ആരോപണങ്ങളെ ബിജെപി ഇതുവരെ നിഷേധിച്ച് വരികയായിരുന്നു.
കേന്ദ്രനേതൃത്വമാണ് മധ്യപ്രദേശിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തീരുമാനമെടുത്തതെന്നും അങ്ങനെ സംഭവിച്ചില്ലെങ്കില്‍ എല്ലാം നശിക്കുമെന്നും ഓഡിയോ ക്ലിപ്പില്‍ പറയുന്നു.
കഴിഞ്ഞ ദിവസം ചൗഹാന് ഇന്ദോറിലെ സന്‍വേര്‍ നിയമസഭാ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇവിടെ വെച്ച് പാര്‍ട്ടി നേതാക്കളുമായി സംസാരിച്ചതിന്റെ ഓഡിയോ ക്ലിപ്പാണ് പ്രചരിക്കുന്നതെന്നാണ് പറയപ്പെടുന്നത്.
സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്രനേതൃത്വമാണ് തീരുമാനിച്ചതെന്ന്് ചൗഹാന് പ്രസംഗത്തില്‍ പറഞ്ഞു. ജ്യോതിരാദിത്യ സിന്ധ്യയെയും തുളസി സിലാവതിനെയും കൂടെക്കൂട്ടാതെ സര്‍ക്കാരിനെ താഴെയിറക്കാന്‍ സാധിക്കില്ലായിരുന്നോയെന്ന് ഒരു നേതാവ് ഇതില്‍ ചോദിക്കുന്നുണ്ട്.
എന്നാല്‍ അങ്ങനെയല്ലാതെ മറ്റ് വഴികള്‍ ഒന്നുമില്ലായിരുന്നുവെന്നാണ് മറുപടി. തുളസി സിലാവത്ത് ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തനും മുന്‍ കോണ്‍ഗ്രസ് മന്ത്രിയുമായിരുന്നു. ഇരുവരും ബിജെപി പാളയത്തില്‍ എത്തിയതോടെയാണ് കമല്‍ നാഥ് സര്‍ക്കാര്‍ നിലംപൊത്തിയത്.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ദിവസമാണ് ശിവരാജ് സിഗ് ചൗഹാന് വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റേത്. മധ്യപ്രദേശിലെ അട്ടിമറിക്കായി ബിജെപി ലോക്ക്ഡൗണ്‍ പ്രഖ്യാപനം നീട്ടിക്കൊണ്ടുപോയതായി കോണ്‍ഗ്രസും കമല്‍നാഥും ആരോപിച്ചിരുന്നു.
കൊറോണ വ്യാപനം ചൂണ്ടിക്കാട്ടി സ്പീക്കര്‍ നിയമസഭ പിരിച്ചുവിട്ടെങ്കിലും വിശ്വാസവോട്ട് നടത്താന്‍ സഭ ചേരാനുള്ള ഗവര്‍ണറുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചിരുന്നു.
വിശ്വാസവോട്ട് നടത്താനുള്ള സുപ്രീം കോടതി ഉത്തരവിന് പിന്നാലെ മാര്‍ച്ച് 20ന് കമല്‍നാഥ് മന്ത്രിസഭ രാജി വച്ചു. 15 മാസത്തെ കോണ്‍ഗ്രസ് ഭരണം അങ്ങനെ അവസാനിച്ചു.
എംഎല്‍എമാര്‍ രാജിവെച്ച ഒഴിവിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുവരെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. വരുന്ന സെപ്റ്റംബറില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് കരുതുന്നത്.