തൃപ്പൂണിത്തുറ: യുവാക്കൾ സഞ്ചരിച്ച ബൈക്ക് മാർക്കറ്റ് റോഡിലെ അന്ധകാരത്തോട്ടിൽ പാലം പണി നടക്കുന്ന ഭാഗത്ത് വീണു.
യാതൊരുവിധ ബാരിക്കേഡുമില്ലാതെ പണി നടത്തിയിരുന്ന പാലത്തിന്റെ തെക്കുഭാഗത്താണ് യുവാക്കൾ വീണത്.
എരൂർ വടക്കേ വൈമീതി സ്വദേശികളായ വാലത്ത് മാധവന്റെ മകൻ വിഷ്ണു, സുഹൃത്ത് ആദർശ് എന്നിവരാണ് ബൈക്കുമായി തോട്ടിൽ വീണത്.
ഇന്ന് പുലർച്ചെ 2.30 ഓടെയായിരുന്നു അപകടം. പുതിയകാവ് ഭാഗത്തുനിന്നു തൃപ്പൂണിത്തുറയിലേക്ക് വരികയായിരുന്നു ഇവർ.
സമീപത്തെ കടയിൽ ഉറങ്ങിയിരുന്നവരാണ് ശബ്ദം കേട്ട് അപകടസ്ഥലത്തേയ്ക്ക് എത്തിയത്.
ഇവർ പോലീസിൽ വിവരമറിയിച്ചതിനെതുടർന്ന് യുവാക്കളെ രണ്ട് ആംബുലൻസുകളിലായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിൽ ആദർശിന്റെ നട്ടെല്ലിന് പരുക്കുണ്ട്. വീതി കുറഞ്ഞ പാലത്തിന് വീതി കൂട്ടാനായി പഴയപാലം പൊളിച്ച് പുതിയ പാലം മേയ് 31 നകം തീർക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.
എന്നാൽ പണികൾ മെല്ലെപ്പോക്കായതോടെ പാലം പണി നീളുകയായിരുന്നു. ഉദയംപേരൂർ, കുരീക്കാട് ഭാഗത്തുനിന്നു തൃപ്പൂണിത്തുറയ്ക്ക് വരുന്നവർ പ്രധാനമായും ആശ്രയിച്ചിരുന്ന റോഡാണ് മാർക്കറ്റ് റോഡ്.
ഇന്നലെ പാലത്തിന് താഴെ ഭാഗത്ത് കോൺക്രീറ്റ് ഇട്ടിരുന്നു. പണിക്ക് ശേഷം റോഡിൽ തടസങ്ങൾ വെയ്ക്കാതിരുന്നതാണ് യുവാക്കൾക്ക് വിനയായത്.
സംഭവത്തിന് ശേഷം ഇന്ന് രാവിലെ കരാറുകാർ റോഡിൽ തടസങ്ങൾ വച്ചെങ്കിലും രോഷാകുലരായ നാട്ടുകാർ അവ എടുത്തുമാറ്റി.