കോഴിക്കോട്: ബിജെപി കേരളഘടകത്തില്‍ നേതൃമാറ്റം ആവശ്യപ്പെടുന്നവർക്കെതിരേ കര്‍ശന നടപടിയെന്ന താക്കീതുമായി കേന്ദ്രനേതൃത്വം.
വിഭാഗീയതയുമായി ബന്ധപ്പെട്ടു കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇനി നേതൃമാറ്റം ഉണ്ടായാല്‍ത്തന്നെ അത് ഇപ്പോള്‍ പാര്‍ട്ടിയിലെ എതിര്‍ചേരിയിലുള്ള ആരുമായിരിക്കില്ലെന്നുമുള്ള മുന്നറിയിപ്പാണു നേരിട്ടും അല്ലാതെയും കേന്ദ്രം നൽകുന്നത്.
തത്കാലം നേതൃമാറ്റമില്ലെന്ന് ഉറപ്പിച്ചുപറയുകയാണു കേന്ദ്ര നേതൃത്വം. പാര്‍ട്ടി അധ്യക്ഷസ്ഥാനം മോഹിച്ച് ആരും ഇനി പാര്‍ട്ടിയില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തേണ്ടെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം, ഡല്‍ഹിയിലെ ചര്‍ച്ചകള്‍ക്കുശേഷം സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് കേരളത്തില്‍ തിരിച്ചെത്തി. സംഘടനാതലത്തില്‍ അഴിച്ചുപണിയാകും ആദ്യം നടക്കുക.
സുരേന്ദ്രന് അധ്യക്ഷനായതുകൊണ്ടു പാര്‍ട്ടിക്കു വലിയ നേട്ടമൊന്നും ഉണ്ടായിട്ടില്ലെന്നു കേന്ദ്രനേതൃത്വം തിരിച്ചറിയുന്നുണ്ടെങ്കിലും പകരം വയ്ക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ മറ്റൊരു പേരുമില്ലാത്തതിനാൽ പൊതുസമ്മതനെ കാത്തിരിക്കുകയാണ് പാർട്ടി.
നേതൃസ്ഥാനത്തേക്ക് പി.കെ.കൃഷ്ണദാസ്, എം.ടി.രമേശ് , ശോഭാസുരേന്ദ്രന്, കുമ്മനം രാജശേഖരന് എന്നിവരുള്‍പ്പെടെ ആരുവന്നാലും വലിയ മാറ്റമുണ്ടാകാന്‍ പോകുന്നില്ലെന്നാണു കേന്ദ്രം കണക്കുകൂട്ടുന്നത്.
ഇ.അനീഷ്