സ്വന്തം ലേഖകൻ
കോഴിക്കോട്: ബിജെപി കേരളഘടകത്തില്‍ സംഘടനാ തലത്തിൽ അടിക അഴിച്ചു പണി വരുന്നു. അതിനാൽ ഇനി നേതൃമാറ്റമെന്ന ആവശ്യം ഉയര്‍ത്തേണ്ടെന്ന് കേന്ദ്രം സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദേശം നല്കി.
സംസ്ഥാനഘടകത്തിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇനി നേതൃമാറ്റം ഉണ്ടായാല്‍ തന്നെ അത് ഇപ്പോള്‍ പാര്‍ട്ടിയിലെ എതിര്‍ചേരിയിലുള്ള ആരുമായിരിക്കില്ലെന്നുമുള്ള മുന്നറിയിപ്പാണ് നേരിട്ടും അല്ലാതെയും നേതൃമാറ്റമെന്ന ആവശ്യം ഉന്നയിച്ച നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.
തല്കാലം നേതൃമാറ്റമില്ലെന്ന ഉറപ്പിച്ചുപറയുകയാണ് കേന്ദ്ര നേതൃത്വം. പാര്‍ട്ടി അധ്യക്ഷ സ്ഥാനം മോഹിച്ച് ആരും ഇനി പാര്‍ട്ടിയില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തേണ്ടെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം ഡല്‍ഹിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് തിരിച്ച് കേരളത്തില്‍ എത്തി.
ആളെക്കൂട്ടാൻ പ്രാപ്തിയുള്ളയാൾ വരും…
നേതൃസ്ഥാനത്തുനിന്നും കെ.സുരേന്ദ്രനെ മാറ്റേണ്ടിവന്നാലും പൊതുസമ്മതനായ പാര്‍ട്ടിക്കു പുറത്തും സ്വാധീനമുള്ള ആളെ പാര്‍ട്ടി അധ്യക്ഷനാക്കുമെന്ന മുന്നറിയിപ്പാണ് കേന്ദ്ര നേതൃത്വം നല്‍കിയിരിക്കുന്നത്.
അതിനുമുന്‍പുതന്നെ സംഘടാതലത്തില്‍ അഴിച്ചുപണി നടത്തും. നിലവില്‍ കെ.സുരേന്ദ്രന് അധ്യക്ഷനായതുകൊണ്ട് പാര്‍ട്ടിക്ക് വലിയ നേട്ടമൊന്നും ഉണ്ടായിട്ടില്ല.
പകരം വയ്ക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ മറ്റൊരുപേരുമില്ല താനും. അതുകൊണ്ടുതന്നെയാണ് നിലവില്‍ പൊതുസമ്മതനായ ഒരു നേതാവിനായി പാര്‍ട്ടി കാത്തിരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ വലിയ പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസും രണ്ടാം വട്ടവും അധികാരത്തിലെത്തിയിട്ടും മുഖം മാറ്റി സിപിഎമ്മും പുതിയ ഊര്‍ജവുമായി മുന്നോട്ടുപോകുമ്പോള്‍ പാര്‍ട്ടിയില്‍ അഴിച്ചുപണിയെന്ന നിര്‍ദേശം മാത്രമാണ് കേന്ദ്രം നല്‍കിയിട്ടുള്ളത്.
എന്നാല്‍ നേതൃസ്ഥാനത്തേക്ക് പി.കെ.കൃഷ്ണദാസ്, എം.ടി.രമേശ് , ശോഭാസുരേന്ദ്രന്, കുമ്മനം രാജശേഖരന് എന്നിവരുള്‍പ്പെടെ ആരുവന്നാലും വലിയമാറ്റമുണ്ടാകാന് പോകുന്നില്ലെന്നാണ് കേന്ദ്രം കണക്കൂട്ടുന്നത്.
പരിഗണിക്കുന്നെങ്കില്‍ അത് പാര്‍ട്ടിക്ക് അതീതമായി ആളെകൂട്ടാന്‍ കഴിയുന്നവരെ വേണമെന്നാണ് നേതൃത്വം കരുതുന്നത്. അല്ലെങ്കില്‍ അത് കൂടുതല്‍ ഗ്രൂപ്പ് പ്രവര്‍ത്തനത്തിന് വഴിയൊരുക്കുമെന്നും പാര്‍ട്ടി ചിന്തിക്കുന്നു.
സംസ്ഥാനഘടകത്തില്‍ കെ..സുരേന്ദ്രനും പി.കെ.കൃഷ്ണദാസും അത്ര സ്വരചേര്‍ച്ചയിലല്ലെന്ന വാദത്തിന് ശക്തി പകര്‍ന്ന് പുതിയ ശബ്ദരേഖ കൂടി പുറത്തുവന്നതോടെ ഗ്രൂപ്പിസമില്ലെന്ന് പറഞ്ഞ് പിടിച്ചുനില്ക്കാന് ഇനി സംസ്ഥാന നേതൃത്വത്തിന് കഴിയില്ല.
ജനാധിപത്യ രാഷ്ട്രീയപാര്‍ട്ടി നേതാവ് പ്രസീത അഴീക്കോടും കെ.സുരേന്ദ്രനുമായുള്ള ശബ്ദ രേഖ പാര്‍ട്ടിക്കുള്ളില്‍ ഇതിനകം ചര്ച്ചയായികഴിഞ്ഞു.