തൃശൂർ: കൊടകര കുഴൽപ്പണ കേസില്‍ ബിജെപി നേതാക്കളെ ചോദ്യം ചെയ്യുന്നത് തുടരുന്നതിനിടെ സംഭവത്തെച്ചൊല്ലി പാര്‍ട്ടിയില്‍ ഗ്രൂപ്പു തിരിഞ്ഞ് തര്‍ക്കവും കൈയേറ്റവും കത്തിക്കുത്തും.
വാടാനപ്പള്ളിയില്‍ പാര്‍ട്ടിയിലെ രണ്ടു വിഭാഗക്കാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് കുത്തേറ്റു.
കുഴൽപ്പണ കേസില്‍ ബിജെപി യിലെ ഉന്നതനേതാക്കള്‍ക്ക് പങ്കുണ്ടെന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയതിനെച്ചൊല്ലി വാടാനപ്പള്ളിയില്‍ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് സംഘര്‍ഷമുണ്ടാവുകയും ഇതിനിടെ ഒരാള്‍ക്ക് കുത്തേല്‍ക്കുകയുമായിരുന്നു.
വാടാനപ്പള്ളി ബീച്ച് വ്യാസ നഗറിനടുത്ത് കണ്ടന്‍ചക്കി വീട്ടില്‍ കിരണി (27) നാണ് കുത്തേറ്റത്. വയറിന് താഴെ കുത്തേറ്റ ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൃത്തല്ലൂര്‍ ഗവൺമെന്റ് ആശുപത്രിയില്‍ വാക്സിന് എടുക്കാന്‍ നില്ക്കുമ്പോള് ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം.
കുഴൽപ്പണ കേസില്‍ വാടാനപ്പള്ളി ഏഴാംകല്ല് ഭാഗത്ത് താമസിക്കുന്ന ബിജെപി ജില്ലാ ട്രഷറര്‍ക്കും പഞ്ചായത്ത് അംഗത്തിനും പങ്കുള്ളതായി ബിജെപി വാടാനപ്പള്ളി ബീച്ച് വ്യാസ നഗറിലുള്ള ഒരു വിഭാഗം ബിജെപിക്കാര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു.
ഇതേത്തുടര്‍ന്ന് ഈ രണ്ടു വിഭാഗങ്ങളും സമൂഹമാധ്യമങ്ങളിലൂടെതന്നെ വാക്പോര് നടത്തിയിരുന്നു.
ഇന്നലെ വ്യാസനഗറിലെ പാര്‍ട്ടി പ്രവര്‍ത്തകരായ ഹരിപ്രസാദ്, കിരണ്‍ എന്നിവര്‍ വാക്സിനെടുക്കാന്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെത്തിയ സമയം എതിര് ഗ്രൂപ്പിലെ ഏഴാംകല്ല് സ്വദേശികളായ സഹലേഷ്, സഫലേഷ്, രജു എന്നിവരും വാക്സിനെടുക്കാന്‍ എത്തിയിരുന്നു.
പോസ്റ്റിട്ടതിനെ ചൊല്ലി ഇരുകൂട്ടരും വാക്കുതര്‍ക്കവും സംഘട്ടനവുമുണ്ടാവുകയും ഒടുവില്‍ കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു. പോലീസ് ഉടന്‍ എത്തിയെങ്കിലും അക്രമികള്‍ വാഹനത്തില്‍ രക്ഷപ്പെട്ടു.