ബംഗളൂരു: പരാതി നൽകാനെത്തിയ സ്ത്രീയുടെ കരണത്തടിച്ച് കർണാടകയിലെ ബിജെപി മന്ത്രി വി. സോമണ്ണ.
ചാമരാജനഗർ ജില്ലയിലെ ഹംഗല ഗ്രാമത്തിൽ പട്ടയം വിതരണം ചെയ്യുന്ന പരിപാടിയിലാണ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെ മന്ത്രിയുടെ അതിക്രമമുണ്ടായത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
തനിക്ക് പട്ടയം ലഭിച്ചിട്ടില്ലെന്ന് കരഞ്ഞുകൊണ്ട് സ്ത്രീ മന്ത്രിയോട് പരാതി പറയവെ യാതോരു പ്രകോപനവും കൂടാതെ മന്ത്രി സ്ത്രീയുടെ കരണത്തടിക്കുകയായിരുന്നു.
അടികൊണ്ടിട്ടും സ്ത്രീ മന്ത്രിയുടെ പാദങ്ങളിൽ സ്പർശിക്കുന്നതും കാണാം.
സംഭവത്തിൽ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. കർണാടകയിൽ ഇതാദ്യമായല്ല ഒരു ബിജെപി മന്ത്രി പരസ്യമായി ജനങ്ങളെ അധിക്ഷേപിക്കുന്നത്.
കഴിഞ്ഞ വർഷം ഡിസംബറിൽ നിയമമന്ത്രി ജെ.സി. മധുസ്വാമി ഒരു പൊതു ചടങ്ങിനിടെ സ്ത്രീയെ അധിക്ഷേപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.