കോഴിക്കോട്: സംസ്ഥാനത്തുള്‍പ്പെടെ പാര്‍ട്ടി ഭരിക്കുന്ന സഹകരണ ബാങ്കുകളും സംഘങ്ങളും സുതാര്യമായിരിക്കണമെന്ന നിര്‍ദേശവുമായി ബിജെപി.
ഇതുപ്രകാരം ഇവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനും ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും കേന്ദ്രം കര്‍ശന നിര്‍ദേശം നല്കി.
സഹകരണമന്ത്രാലയം രൂപീകരിച്ച് തലപ്പത്ത് ആഭ്യന്തരമന്ത്രികൂടിയായ അമിത് ഷാ വന്നതോടെയാണ് ബിജെപിയുടെ നേതൃതം കൈയാളുന്ന സഹകരണസംഘങ്ങളുടെയും കണക്കും മറ്റും കേന്ദ്രനേതൃത്വം തേടുന്നത്.
സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വലിയ തട്ടിപ്പ് അരങ്ങേറിയതോടെ ബിജെപി സഹകരണബാങ്കുകളില്‍ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായിരിക്കണമെന്നും ആരോപണങ്ങള്‍ വന്നാല്‍ അതു കേന്ദ്രം ഇത്തരം സഹകരണസംഘങ്ങള്‍ക്കെതിരേ സ്വീകരിക്കുന്ന സമീപനങ്ങള്‍ക്കു വലിയ തിരിച്ചടിയായിരിക്കുമെന്നുമാണു സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വം തങ്ങളുടെ അധീനതയിലുള്ള സഹകരണബാങ്കുകളുടെ കണക്കുകള്‍ കേന്ദ്രത്തിനു കൈമാറും.
കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങള്‍ കള്ളപ്പണം വെളിപ്പിക്കുന്നതിനും അതു തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനുമുള്ള ആയുധമായി മാറുന്നുവെന്നാണു വിലയിരുത്തല്‍.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുമുന്പ് സഹകരണബാങ്കുകള്‍ വഴിയുള്ള അനധികൃത ഇടപാടുകള്‍ പല സംസ്ഥാനങ്ങളിലും പൂട്ടിക്കെട്ടുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്.
ബിജെപി അധീനതയിലുള്ള കാസര്‍ഗോട്ടെ മുഗു സഹകരണബാങ്കുമായി ബന്ധപ്പെട്ട് ആസ്തിയേക്കാളേറെ വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട് വിവാദം ഉണ്ടായിരുന്നു.
സിപിഎം, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പാര്‍ട്ടികളെ പോലെ വലിയ തോതില്‍ സഹകരണ ബാങ്കുകളുടെ അധികാരം കേരളത്തില്‍ ബിജെപിക്കില്ലെങ്കിലും പാര്‍ട്ടി സംഘടനാസംവിധാനം ഉള്‍പ്പെടെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സഹകരണമേഖലയില്‍ ബിജെപി നേതൃത്വം കഴിഞ്ഞ കാലങ്ങളില്‍ വ്യക്തമായ വേരോട്ടം ഉണ്ടാക്കിയിരുന്നു.
പാര്‍ട്ടി നേതൃത്വത്തിലുള്ള അമ്പതോളം സഹകരണബാങ്കുകള്‍ സംസ്ഥാനത്തുണ്ടെന്നാണു കണക്ക്. ബാങ്കിംഗ് ഇതര സഹകരണസംഘങ്ങളും സൊസൈറ്റികളും ഇതിനു പുറമേയുണ്ട്.
ഇ. അനീഷ്