സ്വന്തം ലേഖകൻ
കോഴിക്കോട്: രണ്ടാം പിണറായി മന്ത്രിസഭയെ പിടിച്ചുകുലുക്കികൊണ്ടിരിക്കുന്ന മന്ത്രി എ.കെ.ശശീന്ദ്രന്റെ ഫോണ്‍കോള്‍ വിവാദത്തിനു പിന്നാലെ “ആക്രമണത്തിനൊരുങ്ങി’ ബിജെപി.
ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രത്യക്ഷ സമരങ്ങള്‍ക്കും ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണത്തിനുമാണ് ബിജെപി ഒരുങ്ങുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയും വിഭാഗീയതയും മൂലം പ്രതിരോധത്തിലായ സംസ്ഥാന ഘടകം സര്‍ക്കാരിനെതിരേ ആഞ്ഞടിക്കാനുള്ള ആയുധമാക്കിയാണ് ഫോണ്‍കോള്‍ വിവാദത്തെ കാണുന്നത്.
കൊടകര കുഴല്‍പ്പണവും തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും മൂലം ആവേശംമങ്ങിയ പ്രവര്‍ത്തകരെ ഈ വിവാദത്തിലൂടെ ഉണര്ത്താനാവുമെന്നാണ് നേതൃത്വം കരുതുന്നത്.
മഹിളാ മോർച്ച
ശശീന്ദ്രന്റെ രാജിക്കായി പ്രതിപക്ഷം മുറവിളി കൂട്ടുന്നതിനിടെ ഒരു പടികൂടി കടന്ന് രാജി ആവശ്യപ്പെട്ടു പ്രത്യക്ഷ സമരത്തിനിറങ്ങാനാണു ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.
കൂടുതല്‍ ശ്രദ്ധ നേടുന്നതിനായി മഹിളാമോര്‍ച്ചയെ രംഗത്തിറക്കും. ശശീന്ദ്രനെ വഴിയില്‍ തടയാനും നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
യുവമോര്‍ച്ചാ പ്രവര്‍ത്തകരും ഇതിനായി രംഗത്തിറങ്ങും. അടുത്ത ദിവസം സംസ്ഥാന കമ്മിറ്റി ചേര്‍ന്നു കൂടുതല്‍ സമരപരിപാടികള്‍ക്കു നേതൃത്വം നല്‍കുമെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു.
വനിത കമ്മീഷൻ
അതേസമയം, പോലീസില്‍ പരാതി നല്‍കിയിട്ടും നീതി ലഭിക്കാത്ത യുവതിയെ ദേശീയ വനിതാ കമ്മീഷനു മുന്നിൽ എത്തിക്കാനും ബിജെപി ശ്രമമാരംഭിച്ചു.
അഖിലേന്ത്യാതലത്തില്‍ വരെ വിഷയം ഉയര്‍ത്തികൊണ്ടുവരുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
സ്ത്രീധനത്തെ തുടര്‍ന്നുള്ള മരണങ്ങളുമായി ബന്ധപ്പെട്ടും മറ്റും അടുത്തിടെ സേവ് കേരള ഗേള്‍സ് എന്ന പേരില്‍ ബിജെപി അഖിലേന്ത്യാ തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കും വിധത്തില്‍ ട്വിറ്ററില്‍ പ്രചാരണം നടത്തിയിരുന്നു.
ഇതിനു പുറമേ കോവിഡ് കേരള മോഡല്‍ ഫെയില്‍ഡ് എന്ന പേരിലും കാമ്പയിന് നടത്തിയിരുന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച യുവതിക്കാണ് ദുരനുഭവമുണ്ടായതെന്നതും സമരത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു.
തെരഞ്ഞെടുപ്പില്‍ മത്സരിച്ചതു മുതല്‍ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഉപയോഗിച്ചിരുന്നു.