കോഴിക്കോട്: കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിത തിരിച്ചടിയായതോടെ ബിജെപി കേരള ഘടകവും അങ്കലാപ്പില്‍. നരേന്ദ്രമോദിയുടെ ചുമലിലേറി മാത്രം വിജയിക്കാനാകില്ലെന്ന ശക്തമായ സന്ദേശം ലഭിച്ചതോടെ സംഘടനാസംവിധാനം കൂടുതല്‍ ശക്തമാക്കാനൊരുങ്ങുകയാണ് പാര്‍ട്ടി.
മോദിയോ, അമിത്ഷായോ തെരഞ്ഞെടുപ്പു കാലയളവിൽവന്ന് രണ്ട് റാലിയോ റോഡ് ഷോയോ നടത്തിയാല്‍ വിജയിച്ചുകയറാന്‍ കഴിയില്ലെന്ന സന്ദേശമാണ് കർണാടക നൽകിയിരിക്കുന്നത്.
നരേന്ദ്ര മോദി സര്‍ക്കാർ ഒമ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന വേളയില്‍ ഈ മാസം 30 മുതല്‍ മഹാജനസമ്പര്‍ക്ക അഭിയാന് എന്ന പേരില്‍ വീടുകള്‍ കയറി ഇറങ്ങാനാണ് കേന്ദ്രനിര്‍ദേശം. ഇതിനൊപ്പം റാലികളും കേരളത്തില്‍ നടത്തും.
പ്രാദേശിക പ്രവര്‍ത്തനങ്ങളിലൂടെ പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നാണ് കേന്ദ്രനിര്‍ദേശം. ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.
നിലവില്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് സ്ഥാനാര്‍ഥി കുപ്പായമണിയേണ്ടെന്ന ധാരണയാണ് ഉള്ളത്. സംഘടനാ പ്രവര്‍ത്തനവും പ്രവര്‍ത്തകരെ കൂടുതല്‍ സജ്ജമാക്കാനും ഇതാണു നല്ലതെന്നാണു തീരുമാനം.
ദക്ഷിണേന്ത്യയില്‍നിന്നു പൂര്‍ണമായും തുടച്ചുമാറ്റപ്പെട്ടതോടെ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങളിൽ ബിജെപിക്ക് പുനരാലോചന നടത്തേണ്ടിവരും.
സമീപകാലത്ത് കേരളത്തില്‍ എത്തി റോഡ് ഷോ നടത്തിയ നരേന്ദ്രമോദി തീര്‍ത്ത ഓളം കര്‍ണാടകയിലെ തോല്‍വിയോടെ സംസ്ഥാനത്തെ പ്രവര്‍ത്തകരില്‍നിന്നു ചോര്‍ന്നുപോകുമെന്ന ആശങ്കയും നേതാക്കള്‍ പങ്കുവയ്ക്കുന്നു.