ത്രിപുരയില്‍ ചെങ്കോട്ടകള്‍ തകര്‍ത്തെറിഞ്ഞ് ചരിത്രവിജയം നേടിയ ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ മുമ്പന്‍ ബിജെപി ത്രിപുര പ്രസിഡന്റ് ബിപ്ലവ് കുമാര്‍ ദേബ് തന്നെ. മുന്‍ ജിംനേഷ്യം പരിശീലകനായ ഈ നാല്‍പ്പത്തിയെട്ടുകാരന്‍ അഗര്‍ത്തലയിലെ ബനമാലിപൂര്‍ മണ്ഡലത്തില്‍ നിന്നാണ് ജയിച്ചു കയറിയത്.
25 വര്‍ഷം നീണ്ട കമ്മ്യൂണിസ്റ്റു ഭരണത്തിന് അന്ത്യം കുറിച്ച വിജയം നേടാന്‍ ബിജെപിയെ മുമ്പില്‍ നിന്നു നയിച്ച ബിപ്ലവ് കുമാര്‍ ദേബ് 2016 ജനുവരിയിലാണ് പാര്‍ട്ടിയുടെ സംസ്ഥാനാധ്യക്ഷനായി ചുമതലയേറ്റത്. അതിനു ശേഷം കണ്ടത് സിപിഎമ്മുകാര്‍ സ്വപ്നത്തില്‍ പോലും കാണാത്ത ബിജെപിയുടെ മുന്നേറ്റമായിരുന്നു.
ബിപ്ലബ് ദേവ് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ മുമ്പിലുള്ളതെന്നും തെരഞ്ഞെടുപ്പിന് മുമ്പു നടന്ന സര്‍വേകളില്‍ മണിക് സര്‍ക്കാരിനേക്കാള്‍ ജനപ്രീതി അദ്ദേഹത്തിനുണ്ടെന്ന് തെളിഞ്ഞതാണെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ് പറഞ്ഞു.
മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ ബിപ്ലവ് കുമാര്‍ ദേബ് പതിനഞ്ചു വര്‍ഷം ഡല്‍ഹിയില്‍ ജിംനേഷ്യം പരിശീലകനായി ജോലി നോക്കിയതിനു ശേഷമാണ് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. മധ്യപ്രദേശിലെ സത്നയില്‍ നിന്നുള്ള ലോക്സഭാംഗം ഗണേഷ് സിംഗിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചതിനു ശേഷമാണ് ബിപ്ലവ് കുമാര്‍ ദേബ് 2016ല്‍ ത്രിപുരയിലെത്തുന്നത്. എസ്ബിഐയുടെ പാര്‍ലമെന്റ് ഹൗസ് ബ്രാഞ്ചിലെ ഡെപ്യൂട്ടി മാനേജരാണ് ബിപ്ലവിന്റെ ഭാര്യ.രണ്ടു മക്കളാണുള്ളത്.
പാര്‍ട്ടിയുടെ പ്രാദേശിക മുഖം എന്ന ലേബലും ചെറുപ്പവുമാണ് ദേബിനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ മുമ്പനാക്കാന് കാരണം. എന്നാല്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ എത്തിയതിനു ശേഷം മാത്രമാകും ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തില്‍ അന്തിമ തീരുമാനമാകുക.