ലക്നോ: രാജ്യത്ത് തൊഴിലില്ലെന്നു പറഞ്ഞ വിദ്യാർഥിയെ തീവ്രവാദിയാക്കി ബിജെപി പ്രവർത്തകർ തല്ലിച്ചതച്ചു. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മുസാഫർനഗറിലായിരുന്നു സംഭവം. ടിവി പരിപാടിക്കിടെ അഭിപ്രായം രേഖപ്പെടുത്തിയ വിദ്യാർഥിയെയാണ് തീവ്രവാദിയെന്നു വിളിച്ച് ബിജെപി പ്രവർത്തകർ ക്രൂരമായി മർദിച്ചത്.
സ്വകാര്യ ടെലിവിഷൻ ചാനൽ സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു അക്രമം ഉണ്ടായത്. സർക്കാരിനെ വിമർശിച്ച യുവാവിനെ ഒരു സംഘം ആളുകൾ വളഞ്ഞുവച്ച് മർദിക്കുകയായിരുന്നു. ഇന്ത്യക്കും ബിജെപിക്കും എതിരാണെന്ന് ആരോപിച്ചായിരുന്നു തന്നെ സംഘം മർദിച്ചതെന്ന് യുവാവ് പറഞ്ഞു. സംഭവത്തിൽ നടപടിയെടുക്കുമെന്ന് മുസാഫർനഗർ പോലീസ് ഉറപ്പ് നൽകിയെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തൊഴിലില്ലായ്മ വലിയ പ്രചരണ ആയുധമാകുമെന്ന് ബിജെപി ഭയക്കുന്നുണ്ട്. സെന്റർഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കോണമി എന്ന സ്ഥാപനമാണ് ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം ഫെബ്രുവരിയിൽ ഇന്ത്യയുടെ തൊഴിലില്ലായ്മയുടെ നിരക്ക് 7.2 ശതമാനമായാണ് ഉയർന്നത്. 2016 സെപ്തംബറിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 5.9 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്.
കഴിഞ്ഞ ദിവസം ലക്നോവിൽ വഴിയോരക്കച്ചവടക്കാരായ രണ്ട് കാഷ്മീരികൾക്കു നേരെയും ആക്രമണം ഉണ്ടായിരുന്നു.