നാല് മാസങ്ങളായി വീട്ടുതടങ്കലിൽ കഴിയുന്ന ഒമർ അബ്ദുള്ളയുടെ ചിത്രം ഇന്റർനെറ്റിൽ വലിയ ഞെട്ടലാണുളവാക്കിയത്. താടിയും മുടിയും നീണ്ട് കണ്ടാൽ മനസിലാകുവാൻ സാധിക്കാത്ത വിധമുള്ള ഒമർ അബ്ദുള്ളയെ കണ്ട് സങ്കടം രേഖപ്പെടുത്തി സീതാറം യച്ചൂരിയും, സ്റ്റാലിനും, മമത ബാനർജിയും രംഗത്തെത്തിയിരുന്നു.
ഇപ്പോഴിത ഈ ചിത്രത്തെ പരിഹസിച്ച തമിഴ്നാട് ബിജെപി ഘടകത്തെ തേടി വിമർശനപ്പെടുമഴയാണ് എത്തുന്നത്. ആമസോണിൽ നിന്നും റേസർ ബ്ലേഡിന്റെ സെറ്റ് വാങ്ങി ഒമർ അബ്ദുള്ളയുടെ വിലാസത്തിൽ അയച്ച് അതിന്റെ സ്ക്രീൻ ഷോട്ട് പകർത്തി ട്വിറ്ററിൽ പങ്കുവച്ചാണ് ബിജെപി പരിഹാസം അഴിച്ചുവിട്ടത്.
“പ്രിയപ്പെട്ട ഒമർ അബ്ദുള്ള, അഴിമതിക്കാരായ നിങ്ങളുടെ എല്ലാ സ്നേഹിതരും പുറത്ത് സന്തോഷിക്കുമ്പോൾ അക്കൂട്ടത്തിൽ ഉള്ള നിങ്ങൾ മാത്രം ഇങ്ങനെ ബുദ്ധിമുട്ടുന്നത് കാണുമ്പോൾ സങ്കടം തോനുന്നു. ഞങ്ങളുടെ ഈ ചെറിയ സംഭാവന സ്വീകരിക്കുക. ഇത് ഉപയോഗിക്കുന്ന കാര്യത്തിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ നിങ്ങളുടെ സഖ്യകക്ഷിയായ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിനെ സമീപിക്കാൻ മടിക്കരുത്’. ബിജെപി കുറിച്ചു.
ബിജെപി തമിഴ്നാട് ഘടകത്തിന്റെ നിലപാട് ഏറെ വിവാദമായിരിക്കുകയാണ്. ട്വീറ്റിനെ തേടി വിമർശനം ഏറെ എത്തിയപ്പോൾ തന്നെ അവർ തന്നെ ഇത് ഡിലീറ്റ് ചെയ്തു.