സ്വന്തം ലേഖകന്‍
കോഴിക്കോട്: ബിജെപിയിലെ സാമ്പത്തിക ഇടപാട് ചോദ്യം ചെയ്ത വയനാട്ടിലെ യുവമോര്‍ച്ച നേതാക്കളെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ഉപസംഘടനകളില്‍ നിന്നുള്ള രാജി കാര്യമാക്കുന്നില്ലെന്ന് സംസ്ഥാന നേതൃത്വം.
പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ പണം കൈമാറല്‍ വിവാദത്തിന് എരിവ് പകരാന്‍ വലിയൊരു വിഭാഗം നേതാക്കള്‍ ചേരിതിരിഞ്ഞ് ശ്രമിച്ചുവെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളത്.
ഇപ്പോള്‍ കൊഴിഞ്ഞുപോയിരിക്കുന്നവര്ക്കെതിരേ പാര്‍ട്ടി നേരത്തെ തന്നെ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നവരായിരുന്നുവെന്നാണ് നേതൃത്വം പറയുന്നത്.
സുൽത്താൻബത്തേരിയില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് സി.കെ.ജാനുവിന് ബിജെപി പണം കൈമാറിയതായി സൂചനകളുള്ള ശബ്ദരേഖകള്‍ പുറത്തുവരുന്നതിന് പിന്നില്‍ പാര്‍ട്ടിയിലെ വിഭാഗീതയും സാമ്പത്തിക ഇടപാടുകളിലുണ്ടായ എതിര്‍പ്പുമാണെന്ന് നേതൃത്വം ഇതിനകം മനസിലാക്കി കഴിഞ്ഞു.
സംസ്ഥാന നേതൃത്വത്തിന് ഇത്രയും ക്ഷീണമുണ്ടാക്കിയ നടപടിയുണ്ടാക്കിയവര്ക്കെതിരേ ശക്തമായ നടപടി വേണമെന്നാണ് ഔദ്യോഗിക വിഭാഗത്തിന്റെ ആവശ്യം.
അന്വേഷണം തുടരുന്ന സാഹചര്യത്തിലും നടപടികളില്‍ നിന്നും പിന്നോട്ടുപോകേണ്ടെന്നാണ് നേതാക്കള്‍ പറയുന്നത്.
ബത്തേരി മണ്ഡലത്തിന്റെ ചുമതലയില്ലാത്ത ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ സാമ്പത്തിക കാര്യം കൈകാര്യം ചെയ്യുന്നതില്‍ പാര്‍ട്ടിയില്‍ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു.
സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയ പ്രശാന്തിനെതിരെ നടപടിയാവശ്യപ്പെട്ടതിനാണ് ഇപ്പോഴത്തെ നടപടിക്ക് പിന്നിലെന്നാണ് ആരോപണം.
അതേസമയം പാര്‍ട്ടിയിലെ സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ മണ്ഡലങ്ങളില്‍ സമ്പൂര് അഴിച്ചപണിക്ക് പാര്‍ട്ടി ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്.
എ ക്ലാസ് മണ്ഡലമായ ബത്തേരിയിലേക്കു സംസ്ഥാന നേതൃത്വം എത്തിച്ച ഒന്നരക്കോടിയോളം രൂപ കെ.സുരേന്ദ്രനുമായി അടുപ്പമുള്ളവര്‍ വീതം വച്ചെടുത്തു എന്നാണ് ആക്ഷേപം.
മംഗളൂരുവില്‍നിന്നു ബത്തേരിയിലേക്കു കാറില്‍ കുഴൽപ്പണം എത്തിച്ചതായുള്ള ആരോപണവും ചില നേതാക്കള്‍ക്കെതിരെയുണ്ട്.
ഇപ്പോള്‍ വിമര്‍ശനങ്ങളുയര്‍ത്തിയ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റിനെ ബത്തേരിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുപ്പിച്ചിരുന്നില്ല.