2019 ഫെബ്രുവരി നാല്. ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിലെ ഒരുൾനാടൻ ഗ്രാമത്തിലെ വീട്ടിൽ അവർ സന്തോഷത്തോടെ ആ വൈകുന്നേരം ചെലവഴിക്കുകയായിരുന്നു.
എന്നാൽ, അവരുടെ സന്തോഷത്തിനും കളിചിരികൾക്കും ആയുസ് അധികമുണ്ടായിരുന്നില്ല. പെട്ടെന്നാണ് ആറംഗസംഘം അവരുടെ വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറിയത്. അവർ അച്ഛനെയും മകളെയും കടന്നാക്രമിച്ചു. നിലത്തുകൂടി വലിച്ചിഴച്ചു.
പത്തൊന്പതുകാരിയായ പെൺകുട്ടിയെ വീടിനു മുറ്റത്തേക്കു വലിച്ചെറിഞ്ഞു. തുടർന്നു തല്ലിച്ചതച്ചു. മകളെ അക്രമികളിൽനിന്നു രക്ഷിക്കാൻ ആ അച്ഛൻ പരമാവധി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അദ്ദേഹത്തിന്റെ കൈകളിൽ ഗുണ്ടകൾ പിടിമുറുക്കിയിരുന്നു. തടയാൻ ശ്രമിച്ച വീട്ടകാർക്കു നേരെ അവർ കൊലവിളി നടത്തി.
വീട്ടിൽ കയറി അതിക്രമം
പെൺകുട്ടിയെയും അച്ഛനെയും അക്രമിസംഘം ബലമായി പിടിച്ചു വലിച്ചു വീട്ടിൽനിന്ന് അര കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പ്രദേശത്തേക്കു കൊണ്ടുപോയി. ആ അച്ഛനെ ഒരു മരത്തടിയിൽ കെട്ടിയിട്ട ശേഷം ആ പിശാചുക്കൾ പെൺകുട്ടിയെ അദ്ദേഹത്തിനു കൺമുന്നിൽ ഉപദ്രവിച്ചു.
അതിക്രമത്തിനു ശേഷം സംഭവം പുറത്തു പറഞ്ഞാൽ രണ്ടു പേരെയും കൊന്നുകളയുമെന്ന് ആറംഗസംഘം ഭീഷണിപ്പെടുത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കുമാർ ആശിശ് പറയുന്നു. സംഭവം വലിയ വിവാദമായതോടെ രണ്ടു ദിവസത്തിനുള്ളിൽ പ്രത്യേക അന്വേഷണ സംഘം നാലുപേരെ അറസ്റ്റ് ചെയ്തു. ആക്രമണത്തെ ജാതീയമായി ചിത്രീകരിക്കാൻ ചിലർ ശ്രമിച്ചെങ്കിലും സംഭവം വ്യക്തിവൈരാഗ്യംകൊണ്ടാണെന്നു പോലീസ് പറയുന്നു.
തോക്കും കൊലവിളിയും
ഉത്തർപ്രദേശിലെ ഷാജഹാൻപൂറിലെ മരുന്നു വാങ്ങി വീട്ടിൽ മടങ്ങിയെത്തിയ അച്ഛനും അമ്മയും കാണുന്നത് പതിമൂന്നുകാരിയായ മകളെ രണ്ടുപേർ ചേർന്നു കീഴ്പ്പെടുത്തുന്നതാണ്. ഞെട്ടിത്തരിച്ച മാതാപിതാക്കൾ അലറിവിളിച്ചതോടെ അക്രമികൾ കൈയിൽ കരുതിയിരുന്ന വാൾ വീശി ഭയപ്പെടുത്തി.
പിസ്റ്റൾ ചൂണ്ടി കൊലവിളി മുഴക്കി. തുടർന്നു കൂസലെന്യേ സ്ഥലംവിട്ടു. തകർന്നുപോയ ആ മാതാപതാക്കൾ മകളെയും വാരിയെടുത്ത് ആശുപത്രിയിലേക്കോടി. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിക്രം, നിക്കു എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. പിന്നീട് ഇവർ അറസ്റ്റിലായി.
വഴിയിൽ കൊടുംക്രൂരത
അടുത്ത ബന്ധുവിന്റെ വിവാഹത്തിനു സമ്മാനം വാങ്ങി മടങ്ങി വരുകയായിരുന്നു ആ ഭാര്യയും ഭർത്താവും. നേരം ഉച്ചയോടടുത്തിരുന്നു. സൂര്യന്റെ കത്തിക്കാളുന്ന വെയിൽ. രാജസ്ഥാനിലെ ആൽവാറിൽ അപ്രതീക്ഷിതമായി മുന്നിലെത്തിയ അഞ്ചംഗ സംഘം ദന്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ തടഞ്ഞു.
ദന്പതികളെ ക്രൂരമായി മർദിച്ചു. രണ്ടു പേരെയും മർദിച്ച് അവശരാക്കിയ ശേഷം റോഡിലൂടെ വലിച്ചിഴച്ചു സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്തേക്കു കൊണ്ടുപോയി.
ഇരുവരോടും വസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടെങ്കിലും അവർ തയാറായില്ല. ഭാര്യ എതിർത്തതോടെ ഭർത്താവിനെ കെട്ടിയിട്ട് ഉപദ്രവിക്കാൻ തുടങ്ങി. ഈ സമയം ഭർത്താവിന്റെ മുന്നിൽവച്ചുതന്നെ യുവതിയെ അഞ്ചുപേരും ചേർന്നു ഉപദ്രവിക്കുകയും ദൃശ്യങ്ങൾ കാമറയിൽ പകർത്തുകയും ചെയ്തു.
മൂന്നു മണിക്കൂർ നീണ്ട ക്രൂരതയ്ക്കൊടുവിൽ ഇവരുടെ പക്കലുണ്ടായിരുന്ന 2,000 രൂപ തട്ടിയെടുത്ത ശേഷം പ്രതികൾ കടന്നുകളഞ്ഞു.
എന്നിട്ടും വിടാതെ
തങ്ങൾക്കും കുടുംബത്തിനും ഉണ്ടായേക്കാവുന്ന നാണക്കേട് ഓർത്തിട്ടാകണം ദന്പതികൾ ആദ്യം പോലീസിൽ പരാതി നൽകിയില്ല. ഒടുവിൽ ആ കറുത്ത ദിവസത്തിന്റെ ഓർമകളിൽനിന്നു കരകയറി വരുന്നതിനിടയിൽ ആ കുടുംബത്തെത്തേടി അവർ വീണ്ടുമെത്തി.
ഇക്കുറി അവരുടെ ആവശ്യം 9,000 രൂപയായിരുന്നു. തരില്ലെന്നു തീർത്തു പറഞ്ഞ ദന്പതികളെ അവർ ചില വീഡിയോകൾ കാട്ടി. യുവതിയെ ആക്രമിച്ച ദിവസം പകർത്തിയ ദൃശ്യങ്ങളായിരുന്നു അവ. 11 വീഡിയോകളാണ് അവരുടെ പക്കലുണ്ടായിരുന്നത്.
എന്തു ചെയ്യണമെന്നറിയാതെ ആ ദന്പതികൾ വിറങ്ങലിച്ചുനിന്നു. ഒടുവിൽ പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചു. ഇതിനിടെ, വീഡിയോ ക്ലിപ്പുകളിൽ ഒരെണ്ണം ആ ഗുണ്ടകൾ സമൂഹമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്തു.
മണിക്കൂറുകൾക്കുള്ളിൽ ദൃശ്യങ്ങൾ നാട്ടിലെന്പാടും പ്രചരിച്ചു. “പരാതി നൽകാനായി പോലീസ് സ്റ്റേഷനിൽ നിൽക്കുന്പോഴും എന്റെ ഫോണിലേക്ക് അവരുടെ ബ്ലാക്ക് മെയിലിംഗ് വിളികൾ വന്നുകൊണ്ടേയിരുന്നു’ – ഭർത്താവ് പറഞ്ഞു.
ദിവസങ്ങൾ കഴിഞ്ഞും പ്രതികളെ പിടികൂടാനാകാതെ വന്നതോടെ പ്രശ്നം രാഷ്ട്രീയ ഏറ്റുമുട്ടലായി വളർന്നു. പ്രതികളെ സംരക്ഷിക്കുന്നതു ഭരണപക്ഷമാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി.
പ്രശ്നം ജനങ്ങൾ ഏറ്റെടുത്തതോടെ പോലീസ് അന്വേഷണം ഊർജിതമാക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തു. സംഭവത്തിൽ 14 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇരയുടെ കുടുംബത്തിനു സർക്കാർ 4.12 ലക്ഷം രൂപ ധനസഹായവും നൽകി.
(തുടരും).