വിഴിഞ്ഞം: വിഴിഞ്ഞം വില്ലേജ് ഓഫീസിൽ നിന്ന് ആറര ലക്ഷം രൂപയുടെ തിരിമറി നടത്തിയ ജീവനക്കാരനെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു.
ഫീൽഡ് അസിസ്റ്റന്റ് മാറനല്ലൂർ കോട്ടപ്പുറം പോപ്പുലർ ജംഗ്ഷൻ ശിവശക്തിയിൽ ബി.കെ.രതീഷിനെ(43) നെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തത്.
2018 നവംബർ മുതൽ 2022 ഫെബ്രുവരിവരെയുള്ള കാലയളവിൽ വിഴിഞ്ഞം വില്ലേജിലെ 57 പേർ വിവിധ ഘട്ടങ്ങളിലായി കെട്ടിടനികുതിയിനത്തിൽ അടച്ച ആറര ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു.
റവന്യൂ വിഭാഗത്തിന്റെ ഇൻസ്പെക്ഷൻ ടീം വിഴിഞ്ഞം വില്ലേജ് ഓഫീസിൽ നടത്തിയ പരിശോധനയിലാണ് പണം തട്ടിപ്പ് കണ്ടെത്തിയത്.
റവന്യൂ സംഘം റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.തട്ടിപ്പ് സംബന്ധിച്ച് ഭൂരേഖാ വിഭാഗം തഹസിൽദാർ ശ്രീകല വിഴിഞ്ഞം പോലീസിൽ പരാതി നൽകിയതോടെ ഒളിവിൽ പോയ പ്രതിയെ ഇന്നലെ ബന്ധുവീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത് .
കെട്ടിട നികുതി ഓൺലൈൻ സംവിധാനത്തിലൂടെ അടയ്ക്കാനായി ഉപഭോക്താക്കൾ നകിയ പണം വാങ്ങി രസീത് നൽകിയശേഷം ഓൺലൈൺ ട്രാൻസാക്ഷൻ റദാക്കി പണം കൈവശപ്പെടുത്തുന്നതാണ് ഇയാളുടെ രീതിയെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശി പറഞ്ഞു.
എസ്ഐമാരായ കെ.എൽ.സമ്പത്ത്, ജി.വിനോദ്, സിപിഒമാരായ സെൽവരാജ്, ഷൈജു ജോൺ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.