ഗ്രോസ്നി: ഫ്രാൻസിൽ അധ്യാപകനെ കഴുത്തറത്തു കൊലപ്പെടുത്തിയ അഭയാർഥിയായ ഇസ്ലാമിക ഭീകരന്റെ മൃതദേഹം ജന്മനാട്ടിൽ സംസ്കരിച്ചതു വീരപരിവേഷത്തോടെയെന്നു റിപ്പോർട്ട്.
ഫ്രഞ്ച് അധ്യാപകൻ സാമുവൽ പാറ്റിയെ കൊലപ്പെടുത്തിയ ഭീകരനാണ് ജന്മനാട്ടിൽ വീരപരിവേഷം കിട്ടിയത്.
പാറ്റിയെ ആക്രമിച്ചതിനു പിന്നാലെ പോലീസ് വെടിവയ്പിൽ മരിച്ച ഭീകരൻ അബ്ദുള്ള അൻസോറോവി(18)ന്റെ മൃതദേഹമാണ് ജന്മനാടായ ചെച്നിയയിൽ കഴിഞ്ഞ ദിവസം സംസ്കരിച്ചത്.
നൂറുകണക്കിന് ആളുകൾ ഇയാൾക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഇയാളുടെ മൃതദേഹം ഫ്രാൻസിൽനിന്നു ചെച്നിയയിലേക്ക് എത്തിച്ചത്. ഉറൂസ് മാർടനോവ്സ്കി എന്ന ജില്ലയിലെ ഗ്രാമത്തിലായിരുന്നു സംസ്കാരം.
സംസ്കാര സ്ഥലത്തേക്കു മറ്റു ദേശങ്ങളിൽനിന്നുള്ള ആളുകളും എത്താനുള്ള സാധ്യത കണക്കിലെടുത്തു പോലീസ് ഗ്രാമത്തിലേക്കുള്ള പ്രവേശനം തടഞ്ഞിരുന്നു. ഇയാളെ സിംഹം എന്നു വിശേഷിപ്പിച്ചു ചിലർ മുദ്രാവാക്യം മുഴക്കുന്നതു ദൃശ്യങ്ങളിൽ കാണാം.
ഇവിടെ ഒരു തെരുവിന് ഭീകരന്റെ പേരിട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ഒക്ടോബർ 16നാണ് അധ്യാപകൻ സാമുവൽ പാറ്റി കഴുത്തറത്തു കൊല്ലപ്പെട്ടത്.