ഓസ്‌ട്രേലിയന്‍ ട്വന്റി20 ലീഗായ ബിഗ്ബാഷിന്റെ ആറാം സീസണ് വിവാദത്തോടെ തുടക്കം. സിഡ്‌നി സിക്‌സേഴ്‌സും സിഡ്‌നി തണ്ടേഴ്‌സും തമ്മില്‍ നടന്ന ഉദ്ഘാടനമത്സരത്തില്‍ തണ്ടേഴ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് താരം ആന്ദ്രേ റസല്‍ ഉപയോഗിച്ച കറുത്ത ബാറ്റാണ് വിവാദ വസ്തു.
ആദ്യം ബാറ്റ് ചെയ്ത തണ്ടേഴ്‌സിനായി അഞ്ചാമനായി ഇറങ്ങിയ റസല്‍ പതിവിനു വിപരീതമായി കറുത്ത നിറത്തിലുള്ള ബാറ്റുപയോഗിച്ചാണ് കളിച്ചത്. ഏഴു പന്തില്‍ ഒമ്പതു റണ്‍സെടുത്ത് റസല്‍ പുറത്തായ മത്സരത്തില്‍ തണ്ടേഴ്‌സിനെ സിക്‌സേഴ്‌സ് ഒമ്പതു വിക്കറ്റിനു പരാജയപ്പെടുത്തുകയും ചെയ്തു.
മത്സരത്തിനു ശേഷമാണ് കറുത്ത ബാറ്റ് ചര്‍ച്ചാ വിഷയമായത്. ഇതിനു നിയമസാധുതയുണ്ടോയെന്നാണ് ഒരു വിഭാഗം ആളുകള്‍ സംശയം പ്രകടിപ്പിച്ചത്. എന്നാല്‍ കറുത്ത ബാറ്റ് ഉപയോഗിച്ചതില്‍ അസ്വാഭിവികതയൊന്നുമില്ലെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പറയുന്നത്. ഒരു കളിക്കാരന് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അനുവാദത്തോടെ കളര്‍ ബാറ്റ് ഉപയോഗിക്കാമെന്നും അത് ചിലപ്പോള്‍ ക്ലബിന്റെ കളറോ കറുപ്പോ ആകാറുണ്ടെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കുന്നു. മത്സരത്തിന്റെ ധാര്‍മികതയ്ക്ക് കോട്ടം തട്ടുന്നുവെന്നു തോന്നുന്നുണ്ടെങ്കില്‍ അമ്പയര്‍ക്ക് ആ ബാറ്റു മാറ്റാന്‍ കളിക്കാരനോട് ആവശ്യപ്പെടാമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ പറയുന്നു.
ബിഗ് ബാഷില്‍ കളര്‍ ബാറ്റ് ഉപയോഗിക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ല. മുമ്പ് മെല്‍ബണ്‍ റെനഗ്രേഡിനു വേണ്ടി കളിച്ച ക്രിസ് ഗെയ്ല്‍ സ്വര്‍ണനിറത്തിലുള്ള ബാറ്റ് ഉപയോഗിച്ചിരുന്നു. തണ്ടേഴ്‌സിനു വേണ്ടി കഴിഞ്ഞ സീസണില്‍ കളിച്ച എയ്ഡന്‍ ബ്ലിസാര്‍ഡ് ഉപയോഗിച്ചത് കടുംപച്ച നിറമുള്ള ബാറ്റാണ്. വെസ്റ്റ് ഇന്‍ഡീസിലെ ഡൊമസ്റ്റിക് പ്രീമിയര്‍ ലീഗുകളില്‍ കറുത്ത ബാറ്റുപയോഗിക്കുന്നത് പതിവാണ്. ഒരു പ്രധാന ടൂര്‍ണമെന്റില്‍ കറുത്ത ബാറ്റ് ഉപയോഗിക്കുന്നത് ഇത് ആദ്യമാണെന്നു മാത്രം. ഓസ്‌ട്രേലിയയുമായി ബന്ധപ്പെട്ട് മുമ്പും ബാറ്റ് വിവാദം ഉണ്ടായിട്ടുണ്ട്. മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ് കൊക്കാബുറയുടെ ഗ്രാഫൈറ്റ് ബാറ്റുപയോഗിച്ചത് വന്‍വിവാദമായിരുന്നു. ഒടുവില്‍ ഗ്രാഫൈറ്റ് ബാറ്റ് ഉപയോഗിച്ചു കളിക്കുന്നത് ഐസിസി വിലക്കുകയും ചെയ്തു. പുതിയ വിവാദം അത്ര കാര്യമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരം.