മലയാള സിനിമയിലെ നായികമാര്‍ ഇനിയെത്തുന്നത് കരിമ്പൂച്ചകളുടെ അകമ്പടിയോടെ! കാര്‍ ഡ്രൈവിംഗ് മുതല്‍ ഹോട്ടല്‍ മുറിയ്ക്ക് മുന്നില്‍ കാവല്‍ വരെ ഇവര്‍; നടിമാരുടെ സംരക്ഷകരാവുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഇവയൊക്കെ

സാധാരണ ഗതിയില്‍ രാഷ്ട്രീയ നേതാക്കള്‍ക്കും അത്പ്രശസ്തരായ സിനിമാതാരങ്ങള്‍ക്കും മാത്രമാണ് സുരക്ഷാഭടന്മാരായി ബ്ലാക്ക് കാറ്റ്‌സ് അഥവാ കരിമ്പൂച്ചകള്‍ ഉള്ളൂ. എന്നാല്‍ ഇപ്പോഴിതാ മലയാള സിനിമാലോകത്തുനിന്ന് പുതിയൊരു വാര്‍ത്ത. മലയാള സിനിമയിലെ സ്ത്രീകള്‍ക്ക് സംരക്ഷണമൊരുക്കാന്‍ കരിമ്പൂച്ചകളെ രംഗത്തെത്തിക്കുന്നു. ചുരുക്കിപറഞ്ഞാല്‍ ഇടവും വലവും ആയോധന കലകള്‍ അഭ്യസിച്ച വനിതാ കരിമ്പൂച്ചകളുടെ പിന്‍ബലത്തോടെയാവും മലയാള സിനിമയിലെ നായികമാര്‍ ഇനി ലൊക്കേഷനിലെത്തുക.

കാര്‍ ഓടിക്കാനും ഇത്തരം ജീവനക്കാരാവും ഉണ്ടാവുക. മലയാള സിനിമാ രംഗത്ത് വരും ദിവസങ്ങളിലെ മാറ്റങ്ങളാകും ഇത്. സിനിമയിലെ സ്ത്രീകളുടെ സുരക്ഷാ പ്രശ്നത്തിന് പരിഹാരമായി ഓള്‍ കേരള മാക്ട ഫെഡറേഷന്‍ ഫൈറ്റേഴ്സ് യൂണിയനാണ് പുതിയ നീക്കത്തിനു പിന്നില്‍. ആയോധന കലകള്‍ അറിയുന്ന സ്ത്രീകളുടെ സുരക്ഷാ വലയമാണ് ഒരുക്കുന്നത്. നൂറുപേര്‍ തയ്യാറായിട്ടുണ്ട്. സിനിമാ മേഖലയിലുള്ള സ്ത്രീകള്‍ ആവശ്യപ്പെടുന്നതനുസരിച്ച് പ്രവര്‍ത്തകരെ നല്‍കും. പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവമാണ് ഇത്തരത്തിലുള്ളൊരു ദൗത്യത്തിലേക്ക് നയിച്ചതെന്ന് മാക്ട ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര പറയുന്നു.

കളരി, ജൂഡോ, കരാട്ടെ തുടങ്ങിയ ആയോധന കലകള്‍ക്കൊപ്പം ഡ്രൈവിഗും കൂടി പഠിച്ചുള്ള സ്ത്രീകളെയാവും രംഗത്തിറക്കുക. വീട്ടില്‍നിന്ന് ലൊക്കേഷനിലേക്ക് പോകുന്നതു മുതല്‍ തിരികെ വീട്ടിലെത്തും വരെ ഇവര്‍ സുരക്ഷയൊരുക്കും. നായികമാര്‍ ഹോട്ടല്‍ മുറിയില്‍ തങ്ങേണ്ടി വരുമ്പോള്‍ മുറിക്കു പുറത്ത് ഇവരൃൃര്‍ കാവല്‍ നില്‍ക്കും. ആളെ തെരഞ്ഞെടുക്കുന്നതിലുമുണ്ട് മാനദണ്ഡങ്ങള്‍. കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റെങ്കിലും കിട്ടിയ സ്ത്രീകള്‍ക്കു മാത്രമേ ഇതില്‍ അംഗങ്ങളാകാന്‍ സാധിക്കൂ. അതും ഫൈറ്റേഴ്സ് യൂണിയന്‍ ഒരുക്കുന്ന ആറു മാസത്തെ പരിശീലനത്തിനു ശേഷം മാത്രം. 18 മുതല്‍ 40 വരെ പ്രായമുള്ള സ്ത്രീകളെയാണ് ഇതിലേക്ക് തെരഞ്ഞെടുക്കുക. ഇവര്‍ക്ക് പ്രത്യേകമായ യൂണിഫോമും ഫൈറ്റേഴ്സ് അസോസിയേഷന്‍ ഒരുക്കിയിട്ടുണ്ട്.

 

 

Related posts