തിരുവനന്തപുരം: നിറത്തിന്റെ പേരിൽ തനിക്ക് അധിക്ഷേപം നേരിട്ടത് ഉന്നതനായ ഒരു വ്യക്തിയിൽ നിന്നാണെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ.
ഈ വ്യക്തിയുമായി പിന്നീട് നിരവധി തവണ അടുത്തിടപഴകേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഒരിക്കൽ പോലും അദ്ദേഹം ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. നാളെ സർവീസിൽ നിന്നു വിരമിക്കാനിരിക്കെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശാരദ മുരളീധരൻ ഇക്കാര്യം വ്യക്തമാക്കിയത്.
അധിക്ഷേപിച്ച വ്യക്തി രാഷ്ട്രീയക്കാരനാണോ സർക്കാർ ഉദ്യോഗസ്ഥനാണൊ എന്ന ചോദ്യത്തിന് മറുപടി പറയില്ലെന്ന് ശാരദ പറഞ്ഞു.
സർവീസിൽ നിന്നു വിരമിച്ച ശേഷം മാറ്റി വച്ച പല സ്വപ്നങ്ങളും പൂർത്തിയാക്കാനാണ് ആഗ്രഹിക്കുന്നത്.
എൻ. പ്രശാന്ത് വിഷയത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് സർവീസ് റൂൾസ് ഉണ്ടെന്നും അത് പാലിക്കണമെന്നുമാണ് ശാരദ പറഞ്ഞത്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഗോപാല കൃഷ്ണന്റെ വിവാദ വാട്ട്സ് ആപ്പ് ഗ്രൂപ്പിനെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും അവർ പറഞ്ഞു.