വിക്കിലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ്(47) ഏഴു വര്‍ഷം ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിഞ്ഞശേഷം കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ആര്‍ക്കും എത്തിനോക്കാന്‍ സാധിക്കില്ലെന്നു കരുതപ്പെട്ട അമേരിക്കന്‍ രഹസ്യങ്ങളുടെ കലവറ അനായാസം തകര്‍ത്തെറിഞ്ഞതോടെയാണ് അസാഞ്ജ് ലോകശ്രദ്ധയാകര്‍ഷിച്ചത്. അമേരിക്കയുടെ മുഖംമൂടി വലിച്ചു കീറിയ അസാഞ്ജിനെ കുടുക്കാന്‍ അമേരിക്കയും സഖ്യരാജ്യങ്ങളും നിരവധി കള്ളക്കേസുകളാണ് ഉണ്ടാക്കിയത്. എന്നിട്ടും സമര്‍ഥമായി രക്ഷപ്പെട്ട അസാഞ്ജ് ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടുകയായിരുന്നു.
ഒടുവില്‍ കഴിഞ്ഞ ഏഴുവര്‍ഷത്തെ എംബസി വാസത്തിനു ശേഷം. ഇക്വഡോര്‍ അസാഞ്ജിനുള്ള രാഷ്ട്രീയ അഭയം പിന്‍വലിച്ചതോടെയാണ് ബ്രിട്ടിഷ് പോലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. ഇനി അസാഞ്ജിനെ കാത്തിരിക്കുന്നത് അമേരിക്കന്‍ ജയിലിലെ ക്രൂരപീഡനങ്ങളാകും. വീക്കിലീക്ക്സിന് രഹസ്യങ്ങള്‍ ചോര്‍ത്തി നല്കിയ ബ്രാഡ്ലി മാനിംഗി( ചെല്‍സി മാനിംഗ്)ന് 35 വര്‍ഷത്തെ തടവാണ് കോടതി വിധിച്ചത്. 2013ല്‍ അറസ്റ്റിലായ മാനിംഗിനെ 2017ല്‍ പ്രസിഡന്റ് ഒബാമ മോചിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സ്വഭാവമനുസരിച്ച് അസഞ്ജിന് യാതൊരു ഇളവുണ്ടാകാനും സാധ്യതയില്ല.
സ്വീഡനില്‍ തനിക്ക് നേരെ ഉയര്‍ന്ന ലൈംഗിക ആരോപണ കേസിനെ തുടര്‍ന്നാണ് അസാഞ്ജ് ലണ്ടനിലേക്ക് ചേക്കേറിയത്.ഈ കേസ് പിന്നീട് ക്യാന്‍സല്‍ ചെയ്തുവെങ്കിലും ജാമ്യവ്യവസ്ഥ ലംഘിച്ചതിന്റെ പേരില്‍ ലണ്ടനിലെ ഇക്വഡോര്‍ സ്ഥാനപതി കാര്യാലയത്തിന് പുറത്തിറങ്ങിയാല്‍ അസാഞ്ജിനെതിരെ അറസ്റ്റ് ഭീഷണി നിലനിന്നിരുന്നു. ഓസ്ട്രേലിയന്‍ പൗരനായ അസാഞ്ജ് അമേരിക്കയുടെ രഹസ്യരേഖകള്‍ ചോര്‍ത്തിയതോടെയാണ് ലോകശ്രദ്ധനേടിയത്. യുഎസില്‍ അഞ്ച് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാന്‍ പ്രാപ്തിയുള്ള കുറ്റമാണ് അസാഞ്ജ് ചെയ്തിരിക്കുന്നത്. ഇതേ തുടര്‍ന്ന് അസാഞ്ജ് പില്ക്കാലത്ത് ലണ്ടനിലേക്കെത്തുകയായിരുന്നു.
എട്ട് പൊലീസുകാരെത്തിയാണ് അസാഞ്ജിനെ എക്വഡോര്‍ എംബസിയില്‍ നിന്നും അറസ്റ്റു ചെയ്തത്. തങ്ങള്‍ അസാഞ്ജിന് നല്കി വന്നിരുന്ന രാഷ്ട്രീയ അഭയവുമായി ബന്ധപ്പെട്ട ഉപാധികള്‍ അദ്ദേഹം തുടര്‍ച്ചയായി ലംഘിച്ചിരുന്നുവെന്നാണ് ഇക്വഡോര്‍ പ്രസിഡന്റ് ലെനിന് മോറെനോ ആരോപിച്ചിരിക്കുന്നത്.കൂടാതെ സഹിഷ്ണുതയും വൃത്തി ശൂന്യത നിറഞ്ഞതുമായ പ്രവൃത്തികള്‍ മൂലം അസാഞ്ജിനെ പരിരക്ഷിക്കുക കടുത്ത ബുദ്ധിമുട്ടാര്‍ന്ന പ്രവൃത്തിയാണെന്നും ഇക്വഡോര്‍ ആരോപിക്കുന്നു.
ഇത്രയും നാള് ഇയാള്‍ക്ക് അഭയം നല്‍കിയതിലൂടെ നികുതിദായകന്റെ പണത്തില്‍ നിന്നും 13 മില്യണ്‍ പൗണ്ട് ചെലവാക്കേണ്ടി വന്നുവെന്നും ഇക്വഡോര്‍ വെളിപ്പെടുത്തുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ചതിനാല്‍ ഒരു വര്‍ഷം ബ്രിട്ടനിലെ ജയിലില്‍ ഇയാള്‍ക്ക് കഴിയേണ്ടി വരും. അതിനുശേഷം ബ്രിട്ടന് അസാഞ്ജിനെ യുഎസിലേക്ക് കൈമാറുന്നതായിരിക്കും. അവിടെ വര്‍ഷങ്ങളോളം ജയിലില്‍ കിടക്കുന്നതിന് പുറമെ സ്വീഡന് അസാഞ്ജിനെതിരെയുള്ള ബലാത്സംഗം കേസ് പുതിയ സാഹചര്യത്തില്‍ പൊടിതട്ടിയെടുക്കാനും സാധ്യതയുണ്ട്.
രഹസ്യരൂപത്തിലുള്ള ഡോക്യുമെന്റുകളും ഫോട്ടോകളും വെളിവാക്കുകയെന്ന ലക്ഷ്യത്തോടെ 2006ലാണ് അസാഞ്ജ് വിക്കിലീക്സ് സ്ഥാപിച്ചിരുന്നത്. 2010ല്‍ ഇറാഖില്‍ ഒരു ഹെലികോപ്റ്ററിലിരുന്ന് യുഎസ് പട്ടാളക്കാര്‍ സിവിലിയന്‍സിനെ വധിക്കുന്ന ദൃശ്യങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് വിക്കിലീക്സ് ലോകത്തിന്റെ ശ്രദ്ധ നേടിയത്. മുന്‍ യുഎസ് ഇന്റലിജന്‍സ് അനലിസ്റ്റായ ചെല്‍സിയ മാനിംഗിനെ സ്വാധീനിച്ച് യുഎസിലെ അതീവരഹസ്യസ്വഭാവമുള്ള ഏഴ് ലക്ഷത്തോളം രേഖകളും വീഡിയോകളും ചിത്രങ്ങളും ചോര്‍ത്തിയെടുത്ത് പുറംലോകത്തെ അറിയിച്ചതോടെ അമേരിക്കയുടെ തനിനിറം ലോകത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ മാനിംഗിനു കഴിഞ്ഞു.
വിക്കിലീക്ക്സിലൂടെ ലോകത്തിനു മുമ്പില്‍ നാണംകെട്ടതോടെ അസാഞ്ജിനെ എങ്ങനെയെങ്കിലും കുടുക്കുക എന്നത് അമേരിക്കയുടെ പ്രധാനലക്ഷ്യമായത്.നിലവില്‍ സെന്‍ട്രല്‍ ലണ്ടനിലെ പൊലീസ് സ്റ്റേഷനിലാണ് അസാഞ്ജ് കഴിയുന്നത്. അടുത്ത് തന്നെ അയാളെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്നാണ് മെട്രൊപൊളിററന് പൊലീസ് പറയുന്നത്. അസാഞ്ജിന്റെ രാഷ്ട്രീയ അഭയം ഇക്വഡോര്‍ റദ്ദാക്കിയത് നിയമത്തിന് നിരക്കാത്ത നടപടിയാണെന്നാണ് വിക്കിലീക്സ് ആരോപിക്കുന്നത്. ഇദ്ദേഹത്തെ പിടികൂടാന്‍ ബ്രിട്ടീഷ് പൊലീസിനെ എംബസിയില്‍ വിളിച്ചു വരുത്തിയത് ലണ്ടനിലെ ഇക്വഡോര്‍ അംബാസിഡറാണെന്നും വിക്കിലീക്ക്സ് ആരോപിക്കുന്നു.