സ്കൂളിൽ വിദ്യാർഥികൾ പാലിക്കേണ്ടതായിട്ടുള്ള പല നിയമങ്ങളുണ്ട്. എന്നാൽ എൽ പാസോ ഇൻഡിപെൻഡൻ്റ് സ്കൂൾ ഡിസ്ട്രിക്റ്റിൻ്റെ ഭാഗമായ ചാൾസ് മിഡിൽ സ്കൂളിൽ വ്യത്യസ്തമായൊരു നിയമം വന്നിരിക്കുകയാണ്.
സ്കൂളുകളിൽ കറുത്ത വസ്ത്രം ധരിച്ചെത്തരുത് എന്നാണ് പ്രിൻസിപ്പൽ പറയുന്നത്. ഇത്തരത്തിൽ കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ വിദ്യാർഥികളുടെ മാനസികാരോഗ്യത്തെ ബാധിക്കും എന്നതാണ് ഇതിന് പിന്നിലെ കാരണമായി ഉന്നയിക്കുന്നത്. എന്നാൽ കറുത്ത വസ്ത്രം നിരോധിച്ചുകൊണ്ടുള്ള ഈ തീരുമാനം വലിയ വിമർശനം നേരിടുകയാണ്.
ചാൾസ് മിഡിൽ സ്കൂൾ പ്രിൻസിപ്പൽ നിക്ക് ഡിസാൻ്റിസ് പറയുന്നത്, ഈ ആഴ്ച ആദ്യം തന്നെ മാതാപിതാക്കളുമായി പുതിയ നയത്തെ കുറിച്ച് ചർച്ച ചെയ്തിരുന്നു എന്നാണ്. കറുത്ത ടോപ്പും ബോട്ടവും ധരിക്കരുത് എന്നാണ് പറയുന്നത്. അക്രമവാസന കൂടിയ നിറമായിട്ടാണ് പ്രിൻസിപ്പൽ കറുപ്പിനെ സൂചിപ്പിക്കുന്നത്.
അതേസമയം, ഈ തീരുമാനം വലിയ വിമർശനത്തിനും ചർച്ചയ്ക്കും വഴിവെച്ചിട്ടുണ്ട്. മാനസികാരോഗ്യവും വസ്ത്രത്തിന്റെ നിറവും തമ്മിൽ എന്താണ് ബന്ധമെന്നാണ് ഈ തീരുമാനത്തോട് പ്രതികരിച്ച് ആളുകൾ ചോദിച്ചത്.