ഗാന്ധിനഗര്‍: കോവിഡ് രോഗത്തോടൊപ്പം ബ്ലാക്ക് ഫംഗസ് ബാധിച്ച ഗൃഹനാഥന് കോവിഡ് വിമുക്തനായി.എന്നാല്‍ ബ്ലാക്ക് ഫംഗസ് രോഗത്തിന് ആശ്വാസമായില്ല.
പൊന്‍കുന്നം സ്വദേശിയായ 57 കാരനാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 14-നു ശ്വാസം മുട്ടലിനെ ത്തുടര്‍ന്ന് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിനു 15-നാണു കോവിഡ് സ്ഥിരീകരിച്ചത്. 17-നു കണ്ണു വേദന ഉണ്ടായതിനെത്തുടര്‍ന്ന് മുണ്ടക്കയത്തെ ആശുപത്രിയിലേക്ക് മാറ്റി.
അവിടെയെത്തിയെങ്കിലും ഇരുകണ്ണുകളുടേയും വേദനയ്ക്ക് കുറവുണ്ടായില്ല. ഇന്നലെ നടത്തിയ വിദഗ്ദ പരിശോധനയില്‍, കോവിഡ് വിമുക്തനായെങ്കിലും, ബ്ലാക്ക് ഫംഗസ് ആണെന്ന സംശയത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം കോവിഡ് വിമുക്തയായ പത്തനംതിട്ട തടിയൂര്‍ സ്വദേശിയായ 52-കാരിയെ ബ്ലാക്ക് ഫംഗസ് സംശയിച്ച് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ നിന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.