ന്യൂഡൽഹി: കോവിഡ് വ്യാപനത്തിനിടെ ആശങ്ക വർധിപ്പിച്ച് രോഗം പടരുന്ന പശ്ചാത്തലത്തിൽ ബ്ലാക്ക് ഫംഗസ് ബാധയെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്കു കേന്ദ്രസർക്കാരിന്റെ നിർദേശം.
പകർച്ചവ്യാധി നിയമം അനുസരിച്ച് ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം അയച്ച കത്തിൽ നിർദേശിച്ചു.
രാജ്യത്ത് കോവിഡ് മുക്തി നേടിയവരിൽ ബ്ലാക്ക് ഫംഗസ് ബാധ കണ്ടുവരുന്നതു വർധിച്ചുവരികയാണ്. മഹാരാഷ്ട്രയിൽ ബ്ലാക്ക് ഫംഗസ് ബാധയേറ്റ് 90 പേർ മരിച്ചതായി സ്ഥിരീകരിച്ചു.
ബ്ലാക്ക് ഫംഗസ് ബാധയേറ്റവരുടെയും ബ്ലാക്ക് ഫംഗസ് ബാധ സംശയിക്കുന്നവരുടെയും കണക്കുകൾ റിപ്പോർട്ട് ചെയ്യാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.
ബ്ലാക്ക് ഫംഗസ് ബാധ നിരീക്ഷിക്കുന്നതിനും രോഗനിർണയം നടത്തുന്നതിനും ചികിത്സ നൽകുന്നതിനും സർക്കാർ, സ്വകാര്യ ആശുപത്രികളും മെഡിക്കൽ കോളജുകളും മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചു.
രോഗികൾ കൂടിയ പശ്ചാത്തലത്തിൽ രാജസ്ഥാനിലും തെലങ്കാനയിലും ബ്ലാക്ക് ഫംഗസ് ബാധയെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്.