ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിനിടെയാണ് രാജ്യത്ത് ബ്ലാക്ക് ഫംഗസ് പടരുന്നത് ആശങ്കയുണർന്നു. രാജ്യത്തെ പത്തിലധികം സംസ്ഥാനങ്ങളിൽ ഇതിനകം ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു.
ഇതോടെ, ബ്ലാക്ക് ഫംഗസ് രോഗത്തെ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. പ്രകൃതിയിൽ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റ് എന്ന പൂപ്പലുകളാണ് ബ്ലാക്ക് ഫംഗസ് (മ്യൂക്കർമൈക്കോസെസ്) എന്ന രോഗത്തിനു കാരണം.
പ്രതിരോധ ശേഷിയുള്ളവർക്ക് ബ്ലാക്ക് ഫംഗസ് ഭീഷണിയല്ല. എന്നാൽ പ്രതിരോധശേഷി കുറഞ്ഞവർ, പ്രമേഹ രോഗികൾ, സ്റ്റിറോയ്ഡ് മരുന്നുകൾ കഴിക്കുന്നവർ എന്നിവരെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്.രാജസ്ഥാൻ, ഗുജറാത്ത്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ ബ്ലാക്ക് ഫംഗസിനെ പകർച്ചാവ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിൽ 90 പേരാണ് മ്യൂക്കോർമൈക്കോസിസ് ബാധിച്ച് മരിച്ചത്. ബ്ലാക്ക് ഫംഗസ് ബാധിച്ച 1500 കോവിഡ് രോഗികളെങ്കിലും മഹാരാഷ്ട്രയിലുണ്ട്. ഇവരിൽ 850 പേർ ആശുപത്രികളിൽചികിത്സയിലാണ്. മാരകമായ ഫംഗൽ അണുബാധയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആംഫോട്ടെറിസിൻ-ബി കുത്തിവയ്പ്പുകൾക്ക് ക്ഷാമമുണ്ടെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തമിഴ്നാട്ടിൽ 9 പേർക്കാണ് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചത്.
ഇന്നലെ കേരളത്തിലും ബ്ലാക്ക് ഫംഗസ് ബാധിച്ചുള്ള മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കൽകോളജിൽ ചികിത്സയിലുണ്ടായിരുന്ന മല്ലപ്പള്ളി സ്വദേശി അനീഷയാണ് മരിച്ചത്.രോഗം ബാധിച്ചവരിൽ 50 മുതൽ 85 ശതമാനം വരെ ചെറിയ കാലയളവിൽ മരണത്തിന് കീഴടങ്ങുന്നുണ്ട്.
സൂക്ഷ്മദർശിനിയിലൂടെ നോക്കുന്പോൾ കറുത്ത നിറത്തിൽ കാണുന്നതിനാലാണ് ഇവയ്ക്ക് ബ്ലാക്ക് ഫംഗസ് എന്ന പേര് ലഭിച്ചത്. മൂക്ക്, നെറ്റി, പല്ല്, അണ്ണാക്ക്, കണ്ണൂകൾ, കവിൾ എന്നിവിടങ്ങളിൽ കറുത്ത പൊട്ടുപോലെയാണ് പൂപ്പൽബാധ ആദ്യം കാണുക.
ചിലരിൽ ചെങ്കണ്ണ് പോലെയും കണ്പോളകളിൽ നീർക്കെട്ട് പോലെയും പ്രത്യക്ഷപ്പെടാം. മൂക്കിനു ചുറ്റും നിറവ്യത്യാസം സംഭവിക്കുകയോ കാഴ്ച മങ്ങുകയോ ചെയ്താൽ ഉടൻ വൈദ്യസഹായം തേടണം. പ്രമേഹ രോഗികളും കാൻസർ രോഗികളും ജാഗ്രത പുലർത്തണമെന്നും ആരോഗ്യ വിദഗ്ധർ നിർദേശിച്ചിട്ടുണ്ട്.
കോഴിക്കോട്ട് മൂന്നുപേര് കൂടി ചികിത്സയില്
സ്വന്തം ലേഖകന്
കോഴിക്കോട് : കോഴിക്കോട് മെഡിക്കല് കോളജില് മൂന്നുപേര് കൂടി ബ്ലാക്ക് ഫംഗസ് ചികിത്സ തേടി. ഇതോടെ ചികിത്സയില് കഴിയുന്നവരുടെ എണ്ണം പത്തായി. ചികിത്സയിലുള്ള ഒരു സ്ത്രീ തമിഴ്നാട് ഗൂഡല്ലൂര് സ്വദേശിനിയായ 55 വയസുകാരിയാണ്.
പയ്യാനക്കല് ഭാഗത്തെ 58 വയസുള്ള സ്ത്രീയും ചികിത്സയിലാണ്. ഇരിങ്ങല്ലൂര് സ്വദേശി (45),മലപ്പുറം പള്ളിക്കല് സ്വദേശി (52), മലപ്പുറം ചെറുവായൂര് സ്വദേശി (36), മാമ്പറ്റ സ്വദേശി (55) എന്നിവര് ഇപ്പോഴും ചികിത്സയിലാണ്. ഇവര്ക്ക് പുറമേയാണ് ഇന്നലെ മൂന്നുപേര്ക്ക് കൂടി ബ്ലാക്ക്ഫംഗസ് ബാധയുള്ളതായി സംശയിക്കുന്നത്.
ആറു മാസത്തിനിടെ ബ്ലാക്ക് ഫംഗസ് (മ്യൂകര്മൈകോസിസ്) ബാധയെത്തുടര്ന്നു നാലു പേരെയാണ് പൂര്ണമായി കാഴ്ച നഷ്ടപ്പെട്ട നിലയില് ഗവ.മെഡിക്കല് കോളജില് പ്രവേശിപ്പിച്ചത്. ബ്ലാക്ക് ഫംഗസ് ബാധ ഒഴിവാക്കുന്നതിനായി ഇവരുടെ ഓരോ കണ്ണൂകള് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.
മെഡിക്കല് കോളജില് പ്രവേശിപ്പിക്കുമ്പോള് കോവിഡ് നെഗറ്റീവായിരുന്നു. അതേസമയം ഇവര് നേരത്തേ കോവിഡ് ബാധിതിരാണെന്നാണ് ഡോക്ടര്മാരുടെ കണ്ടെത്തല്.പരിസ്ഥിതിയില് സ്വാഭവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റുകള് എന്നറിയപ്പെടുന്ന ഒരു കൂട്ടം പൂപ്പലുകള് കാരണമാണ് രോഗം ബാധിക്കുന്നത്.
പലപ്പോഴും ചര്മത്തില് പ്രത്യക്ഷപ്പെടുന്ന ബ്ലാക്ക് ഫംഗസ് ശ്വാസകോശത്തേയും തലച്ചോറിനേയും വരെ ബാധിക്കാന് സാധ്യതയേറെയാണ്. കാഴ്ച നഷ്ടമാവാനും പക്ഷാഘാതത്തിനും മരണത്തിനും വരെ ഇത് കാരണമായേക്കാം. അതേസമയം കോവിഡാനന്തരം ഉണ്ടാവുന്ന രോഗങ്ങള്ക്ക് കൃത്യസമയത്ത് തന്നെ ചികിത്സ തേടിയാല് രോഗം മാറ്റാനാവും.
ബ്ലാക്ക് ഫംഗസ് പടരുന്ന രോഗമല്ല. പ്രതിരോധ ശേഷി കുറഞ്ഞവര്, പ്രമേഹരോഗം അനിയന്ത്രിതമായ നിലയിലുള്ളവര്, അര്ബുദരോഗികള്, അവയവമാറ്റം നടത്തിയവര്, ഐസിയുവില് ദീര്ഘനാള് കഴിഞ്ഞവര് എന്നിവരിലാണ് ഫംഗസ് ഭീഷണിയുള്ളത്.
പത്തനംതിട്ടയിൽ ജാഗ്രതാനിര്ദേശമെന്ന് ഡിഎംഒ
പത്തനംതിട്ട: ജില്ലയില് ഇതേവരെ ബ്ലാക്ക് ഫംഗസ് റിപ്പോര്ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ്. എല്ലാ ആശുപത്രികളിലും ബ്ലാങ്ക് ഫംഗസ് സംശയം തോന്നിയാല് ഉടന് റിപ്പോര്ട്ട് ചെയ്യാന് നിര്ദേശം നല്കിയിട്ടുണ്ട്.
പത്തനംതിട്ട സ്വദേശികളായ രണ്ടുപേരില് ഒരാള് മരിച്ചതാണ് ജില്ലയെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. എന്നാല് മരിച്ചയാള് പത്തനംതിട്ട യിലെ സ്ഥിരതാമസക്കാരിയല്ലാത്തതിനാല് ജില്ലയുടെ പട്ടികയില് ഇല്ല. തിരുവനന്തപുരത്താണ് ഇവര് താമസിച്ചുവന്നിരുന്നത്.
മല്ലപ്പള്ളി കുന്നന്താനമാണ് സ്വദേശം. കോവിഡ് രണ്ടാം തരംഗത്തില് ബ്ലാക്ക് ഫംഗസ് വ്യാപകമാകുന്നതായാണ് റിപ്പോര്ട്ട്. കോവിഡ് രോഗികളിലും നെഗറ്റീവ് ആയവരിലുമാണ് ഫംഗസ് കാണപ്പെടുന്നത്. പ്രതിരോധ ശേഷികുറഞ്ഞവരിലും പ്രമേഹം തുടങ്ങിയ മറ്റ് അസുഖങ്ങള് ഉള്ളവരിലും ഫംഗസ് വലിയ രീതിയില് ബാധിക്കുന്നുണ്ട്.
കോവിഡ് നെഗറ്റീവായ ശേഷം പ്രതിരോധ ശേഷി വീണ്ടെുക്കാന് സമയമെടുക്കുന്നത് അപകടാവസ്ഥ വര്ധിപ്പിക്കാന് കാരണമാകുന്നുണ്ട്.ജില്ലയില് എന്തെങ്കിലും സംശയം തോന്നിയാല് പരിശോധിക്കാന് നിര്ദേശം നല്കിയിട്ടുണ്ടെന്ന് ഡിഎംഒ ഡോ.എ.എല്. ഷീജ പറഞ്ഞു. ഇതേവരെ ലക്ഷണമുള്ളവരെ കണ്ടെത്തിയിട്ടില്ല. ജാഗ്രത പാലിക്കാന് നിര്ദ്ദേശം നല്കിയിട്ടുണ്ടെന്നും ഡിഎംഒ അറിയിച്ചു.