സ്വന്തം ലേഖകന്
കോഴിക്കോട്: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് ക്ഷാമം രൂക്ഷമായതിനെ ത്തുടര്ന്ന് ബംഗളൂരുവില്നിന്ന് മരുന്നെത്തിക്കാന് നീക്കം.
കേരള മെഡിക്കല് സര്വീസ് കോര്പറേഷന് ലിമിറ്റഡ് (കെഎംഎസ്സിഎല് ) മരുന്ന് ശേഖരിക്കുന്നതിനായി ഒരു പ്രതിനിധിയെ ബംഗളൂരുവിലേക്ക് അയച്ചിട്ടുണ്ട്. ഇവിടെ നിന്ന് 100 വയല് ആംഫോടെറിസിന് എത്തിക്കാനാണ് നീക്കം നടക്കുന്നത്.
ഇതിന് പുറമേ മുംബൈ വിമാനത്താവളത്തില് കുടുങ്ങി കിടക്കുന്ന മരുന്നും ഇന്നെത്തിക്കാന് നീക്കം നടത്തുന്നുണ്ട്. നെടുമ്പാശേരിയില് ഇന്നലെ വൈകിട്ട് എത്തേണ്ട വിമാനം തകരാറായതിനെ തുടര്ന്നാണ് ഇവ എത്തിക്കാന് സാധിക്കാത്തത്. 50 വയല് മരുന്നാണ് ഇവിടെ കുടുങ്ങി കിടക്കുന്നത്.
അതേസമയം ഇന്ന് 150 വയല് എത്തിച്ചാല് മരുന്ന്ക്ഷാമത്തിന് നേരിയ ആശ്വാസമാകും.ഉത്തരേന്ത്യയില് ബ്ലാക്ക് ഫംഗസ് രോഗം രൂക്ഷമായതിനെത്തുടര്ന്നാണ് സംസ്ഥാനത്ത് മരുന്ന് ക്ഷാമം രൂക്ഷമായത്. രോഗികളുടെ എണ്ണം വര്ധിക്കുന്നതിനനുസരിച്ച് മരുന്നുകള് ലഭിക്കാത്ത അവസ്ഥയാണുള്ളത്.
ആംഫോ ടെറിസിൻ, ലൈപോസോമൽ ആം ഫോടെറിസിൻ എന്നീ മരുന്നുകളാണ് ബ്ലാക്ക് ഫംഗസിന് നല്കുന്നത്. കോഴിക്കോട് മെഡിക്കല് കോളജില് മാത്രം ഒരു ദിവസം വേണ്ടത് 58 വയല് (ഇഞ്ചക്ഷന് ബോട്ടില്) മരുന്നുകളാണ്. ഒരു ദിവസം 48 വയല് ലൈപോസോമൽ ആം ഫോടെറിസിനും 10 വയല് ആം ഫോടെറിസിനുമാണ് ആവശ്യമായുള്ളത്.
ഇതോടെ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായുള്ള മരുന്നുകള് ആവശ്യമുള്ള മറ്റിടങ്ങളിലേക്കു നല്കി ചികിത്സ തുടരുകയാണ്. മരുന്നുകള് നേരിട്ടു വാങ്ങാന് സംസ്ഥാനങ്ങള്ക്ക് നേരത്തെ അധികാരമുണ്ടായിരുന്നു. എന്നാല് ഗുജറാത്തിലും രാജസ്ഥാനിലും രോഗബാധിതരുടെ എണ്ണംകൂടിയതോടെ മരുന്നുകള്ക്ക് ക്ഷാമമായി.
ഇതോടെയാണ് മരുന്നുകള് കേന്ദ്രസര്ക്കാര് വഴിമാത്രം വിതരണം ചെയ്യുന്നത്. കോഴിക്കോട് മെഡിക്കല് കോളജില് കഴിഞ്ഞ 10 ദിവസം കൊണ്ട് 125 വയല് ഇഞ്ചക്ഷനാണ് ഉപയോഗിച്ചത്. സാധാരണ നിലയില് മൂന്നു മാസത്തേക്കായി 260 വയല് ഇഞ്ചക്ഷനായിരുന്നു കമ്പനിയില് നിന്ന് നേരിട്ട് വാങ്ങാറുള്ളത്.
വളരെ അപൂര്വമായി മാത്രമേ ഇവ ഉപയോഗിച്ചിരുന്നുള്ളൂ. എന്നാല് കോവിഡ് രൂക്ഷമായതിനെ തുടര്ന്നാണ് ഇവയുടെ ഉപയോഗവും കൂടിയത്.ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ച സമയം 15 വയല് ഇഞ്ചക്ഷന് സ്റ്റോക്കുണ്ടായിരുന്നു. പിന്നീട് തിരുവനന്തപുരം ശ്രീ അവിട്ടം തിരുന്നാള് ആശുപത്രിയില് നിന്നും മെഡിക്കല് സര്വീസ് കോര്പറേഷനില് നിന്നും 20 വയൽ ലഭ്യമാക്കി.
കേന്ദ്രഅലോട്ട്മെന്റ് പ്രകാരം 50 എണ്ണം കൂടി ലഭിച്ചിരുന്നു. ഇതിനുപുറമേ കണ്ണൂര് ജില്ലയിലേക്ക് ലഭിച്ച 20 വയല് ഇഞ്ചക്ഷനും കോഴിക്കോട് മെഡിക്കല്കോളജിലേക്ക് കൊണ്ടുവന്നായിരുന്നു ചികിത്സ തുടര്ന്നത്. നിലവില് 18 പേരാണ് ഇപ്പോള് മെഡിക്കല്കോളജ് ആശുപത്രിയില് മാത്രം ചികിത്സയിലുള്ളത്. ഇവര്ക്ക് ആവശ്യമായ മരുന്നുകള് പോലും ഇപ്പോള് സ്റ്റോക്കില്ലാത്ത അവസ്ഥയാണ്.