കോവിഡ് രോഗികളില്‍ കണ്ടുവരുന്ന ‘മ്യൂക്കോര്‍മൈക്കോസിസ്’ എന്ന ഫംഗസ് ബാധ വന്‍ ആശങ്കയ്ക്കു വഴിവെക്കുന്നു.ഈ രോഗത്തിന് മതിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണകാരണമായേക്കാമെന്ന മുന്നറിയിപ്പ് കേന്ദ്രം നല്‍കി കഴിഞ്ഞു.
കോവിഡ് ബാധിതരായ പ്രമേഹരോഗികളിലും ഏറെനാള്‍ ഐ.സി.യു. വാസം അനുഭവിച്ചവരിലുമാണ് ബ്ലാക് ഫംഗസ് ബാധ കണ്ടുവരുന്നത്.
ബ്ലാക്ക് ഫംഗസിന്റെ രോഗനിര്‍ണയം, ലക്ഷണങ്ങള്‍, ചികിത്സ എന്നിയടങ്ങിയ മാര്‍നിര്‍ദ്ദേശം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും കേന്ദ്ര ആരോഗ്യമന്ത്രാലയവും ചേര്‍ന്നാണ് ഇറക്കിയത്.
ബ്ലാക് ഫംഗസ് ബാധമൂലം മഹാരാഷ്ട്രയില്‍ മാത്രം എട്ടുപേര്‍ മരിച്ചിരുന്നു. ഗുജറാത്തിലും തെലങ്കാനയിലും രോഗം പടരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകളും ബ്ലാക് ഫംഗസിന് പിടിമുറുക്കാന്‍ സഹായകമാവുമെന്നാണ് വിവരം. ഇത്തരം മരുന്നുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നതു മൂലം രോഗികളുടെ പ്രതിരോധ ശേഷി നശിക്കുന്നതിന് ഇത് വഴിവെക്കും.
ഇതുവഴി രോഗം പിടിപെടുകയും ചെയ്യുന്നു. കണ്ണിനും മൂക്കിനും ചുറ്റിലും ചുവപ്പ്, പനി, തലവേദന, ചുമ, ശ്വാസതടസ്സം, രക്തം ഛര്‍ദിക്കല്‍, മാനസിക അസ്ഥിരത എന്നിവയാണ് ബ്ലാക് ഫംഗസ് ബാധയുടെ ലക്ഷണങ്ങള്‍.
പ്രമേഹരോഗികളായ കോവിഡ് ബാധിതരില്‍ സൈനസൈറ്റിസ്, മുഖത്തിന്റെ ഒരുഭാഗത്ത് മരവിപ്പും വേദനയും പല്ലുവേദന, മൂക്കിന്റെ പാലത്തില്‍ കറുപ്പ്, ഇരട്ടക്കാഴ്ച, നെഞ്ചുവേദന, ചര്‍മത്തില്‍ ക്ഷതം, രക്തം കട്ടപ്പിടിക്കല്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.
രോഗം തടയാനായി കോവിഡ് മുക്തമായവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക, സ്റ്റിറോയ്ഡുകള്‍ കൃത്യമായ അളവില്‍ കൃത്യമായ സമയത്ത് മാത്രം നല്‍കുക, ഓക്സിജന്‍ തെറാപ്പിയില്‍ ശുദ്ധീകരിച്ച വെള്ളംമാത്രം ഉപയോഗിക്കുക, ആന്റിബയോട്ടിക്സും ആന്റി ഫംഗല്‍ മരുന്നുകളും സൂക്ഷ്മതയോടെ ഉപയോഗിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും കേന്ദ്രം മുന്നോട്ടുവെക്കുന്നു.
പ്രമേഹം നിയന്ത്രിച്ചും പ്രതിരോധശേഷിയെ ബാധിക്കുന്ന മരുന്നുകളും സ്റ്റിറോയ്ഡുകളും കുറച്ചും ഫംഗസ് ബാധ തടയാമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
അവയവ മാറ്റം നടത്തിയവര്‍, ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് അപായം ഉണ്ടാക്കുന്നതാണ് ഈ ഫംഗസിന്റെ പ്രവര്‍ത്തനം എന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.
കഴിഞ്ഞ 20 ദിവസത്തില്‍ ഇഎന്‍ടി വാര്‍ഡിലെ 67 രോഗികള്‍ക്ക് ഈ ഫംഗസ് ബാധയുണ്ടായി എന്നാണ് ബിജെ മെഡിക്കല്‍ കോളേജ് ആന്‍ഡ് സിവില്‍ ഹോസ്പറ്റിലിലെ അസോസിയേറ്റ് പ്രഫസര്‍ കല്‍പേഷ് പട്ടീല്‍ പറഞ്ഞത്.
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ഇത്തരത്തില്‍ ആറു കേസുകള്‍ പ്രവേശിപ്പിക്കപ്പെട്ടെന്നും, കാഴ്ച ശക്തി നഷ്ടപ്പെടുന്നത് അടക്കം പ്രശ്നങ്ങളും ഉയര്‍ന്ന മരണ സാധ്യതയും ഉള്ള ഫംഗസ് ബാധയാണ് ഇതെന്നാണ് ഡല്‍ഹിയിലെ ശ്രീ ഗംഗ റാം ഹോസ്പിറ്റലിലെ ഇഎന്‍ടി സര്‍ജന്‍ ഡോ.മനീഷ് മുന്‍ജല്‍ പറയുന്നത്.
മനുഷ്യശരീരത്തിലെ വിവിധ അവയവങ്ങളെ തകരാറിലാക്കാന്‍ ഈ ഫംഗസിനു കഴിയും. കടുത്ത പ്രമേഹ രോഗികളിലാണ് ഫംഗസ് ബാധ കൂടുതലായി ബാധിക്കുന്നത്. പലര്‍ക്കും കാഴ്ച നഷ്ടപ്പെട്ടതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.