ദുര്‍മന്ത്രവാദികളെയും വ്യാജസിദ്ധന്മാരെയും മുട്ടിയിട്ട് വഴിയേ നടക്കാന്‍ കഴിയാത്ത നാടാണ് കാസര്‍ഗോഡ്. എന്നാല്‍ എത്ര അനുഭവങ്ങളുണ്ടായാലും പഠിക്കാത്ത നാട്ടുകാര്‍ ഇവര്‍ക്കു വളം വയ്ക്കുകയും ചെയ്യുന്നു. കാഞ്ഞങ്ങാട് അവിക്കര സ്വദേശിനിയായ തന്‍സീനയെന്ന ടീനയുടെയും ജീവിതം കവര്‍ന്നെടുത്തത് ഇത്തരമൊരു മന്ത്രവാദമാണ്. ഭര്‍തൃമതിയായ തന്‍സീന പട്ടാപ്പകല്‍ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടതിനെതുടര്‍ന്നുള്ള അന്വേഷണമാണ് വ്യാജസിദ്ധനിലേക്ക് എത്തിയത്. തന്‍സീറ മരിച്ച ദിവസം ക്വാര്‍ട്ടേഴ്‌സില്‍ ഒരു സിദ്ധന്‍ മന്ത്രവാദം നടത്തിയതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അജാനൂര്‍ കാറ്റാടി കൊളവയല്‍ താമസിക്കുന്ന അമ്പത്തെട്ട്കാരനായ അബ്ദുറഹ്മാനാണ് മന്ത്രവാദം നടത്തിയതെന്ന് വ്യക്തമായതോടെ പൊലീസ് അയാളെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. ഹോസ്ദുര്‍ഗ്ഗ് കോടതി ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
മന്ത്രവാദത്തിനായി ക്വാര്‍ട്ടേഴ്‌സിലെത്തിയ അബ്ദു റഹ്മാന്‍ ചില മരുന്നുകള്‍ വേണമെന്നു പറഞ്ഞ് യുവതിയുടെ ഭര്‍ത്താവായ പാണത്തൂര്‍ സ്വദേശി സ്വകാര്യ ബസ്സ് ഡ്രൈവര്‍ ജോമോനെ പുറത്തേക്ക് അയക്കുകയായിരുന്നു. അതിനുശേഷം അടച്ചിട്ട മുറിയില്‍ യുവതിയെ ഇരുത്തി ചില മരുന്നുകള്‍ ഉപയോഗിച്ച് പുക ഇട്ട ശേഷം മന്ത്രവാദം ആരംഭിക്കുകയായിരുന്നു. ഇതോടെ പാതി മയക്കത്തിലായ യുവതിയുടെ പൊക്കിള്‍ കുഴിയിലും ചുറ്റുമായും പച്ച കുത്തുകയും അടിവയറ്റിന്റെ പുറത്ത് ഏതോ ഭാഷയില്‍ ചില അക്ഷരങ്ങള്‍ കുത്തിക്കുറിക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.തന്റെ രഹസ്യഭാഗത്ത് സിദ്ധന്‍ ചെയ്ത അതിക്രമങ്ങളില്‍ മനംനൊന്താണ് യുവതിയായ തന്‍സീറ ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം.
ദുര്‍മന്ത്രവാദത്തിന് ഉപയോഗിച്ച കോഴിമുട്ടകള്‍, കരി, തുടങ്ങിയ സാധനങ്ങളും ക്വാര്‍ട്ടേഴ്‌സില്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതെല്ലാം കോടതിയില്‍ ഹാജരാക്കിയിട്ടുമുണ്ട്. സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ സിദ്ധനെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുത്തിരിക്കയാണ്. മന്ത്രവാദത്തിനുള്ള ചെലവിനായി യുവതി മാതാവില്‍ നിന്നും പണം വാങ്ങിയിരുന്നതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ബാങ്ക് വായ്പ അടയ്ക്കാനാണെന്നു പറഞ്ഞാണ് താന്‍ സ്വര്‍ണം പണയം വെച്ച് പതിനായിരം രൂപ നല്‍കിയതെന്ന് മാതാവ് പൊലീസിനോട് പറഞ്ഞു. മാതാവില്‍ നിന്നും പൊലീസ് വിശദമായി മൊഴിയെടുത്തു വരികയാണ്. പ്രദേശവാസികള്‍ നേരത്തെ തന്നെ വ്യാജസിദ്ധനായ അബ്ദുറഹ്മാനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇയാളുടെ മന്ത്രവാദ തട്ടിപ്പിനെതിരേ ആരും പരാതിയുമായി മുന്നോട്ടു വരാത്തതിനാല്‍ പോലീസ് ഇതുവരെ കേസെടുത്തിരുന്നില്ല.