സ്വന്തം ലേഖകൻ
തലശേരി: കെടുകാര്യസ്ഥതകൊണ്ടും സ്വഭാവദൂഷ്യംകൊണ്ടും സ്വകാര്യ സ്ഥാപനങ്ങളിൽനിന്നു പിരിച്ചു വിടുന്ന വനിതാ ജീവനക്കാരികളെ ഉപയോഗിച്ച് സ്ഥാപന ഉടമകൾക്കെതിരേ ലൈംഗികകുറ്റം ആരോപിച്ച് ബ്ലാക്ക്മെയിലിംഗിലൂടെ കോടികൾ തട്ടിയെടുക്കുന്ന സംഘം സംസ്ഥാനത്ത് സജീവം.
കോഴിക്കോടും മലപ്പുറത്തും വയനാട്ടിലും തട്ടിപ്പ് നടത്തിയ സംഘം കണ്ണൂർ ജില്ലയിലും കെണിയൊരുക്കി. കണ്ണൂർ ജില്ലയിലെ പ്രമുഖ സ്വകാര്യ സ്ഥാപന ഉടമയോട് സംഘം ആവശ്യപ്പെട്ടത് ഒരു കോടി രൂപ.
പണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഫോൺ സംഭാഷണത്തിന്റെ ശബ്ദ രേഖയും പണം നൽകിയില്ലെങ്കിൽ സംസ്ഥാനത്തുടെനീളം പോസ്റ്റർ പതിക്കുമെന്ന ഭീഷണിയോടെ അയച്ച പോസ്റ്ററിന്റെ കോപ്പിയും രാഷ്ട്രദീപികയ്ക്ക് ലഭിച്ചു.
സ്ഥാപനങ്ങളിൽനിന്നു പുറത്താക്കപ്പെടുന്ന വനിതകളെകൊണ്ട് പീഡന പരാതി നൽകി പണം തട്ടുകയാണ് ഈ സംഘം ചെയ്തു വരുന്നത്.
കണ്ണൂരിൽ തട്ടിപ്പിനെത്തിയ സംഘം ആദ്യം മൂന്ന് ലക്ഷവും പിന്നീട് പത്ത് ലക്ഷവും ഒടുവിൽ ഒരു കോടി രൂപയുമാണ് ആവശ്യപ്പെട്ടത്.
മോഷണക്കേസിലെ പ്രതി ഉൾപ്പെടെയുള്ളവർ ഈ സംഘത്തിൽ ഉണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. ലൈംഗിക പീഡന ആരോപണം ഉയരുന്നത് ഭയന്ന് പല സ്ഥാപന ഉടമകളും വൻ തുക ഈ സംഘത്തിന് നൽകേണ്ടി വന്നതായും റിപ്പോർട്ടുണ്ട്.
ഏതെങ്കിലും സ്ഥാപനത്തിൽനിന്നു വനിതാ ജീവനക്കാരെ പുറത്താക്കിയിട്ടുണ്ടോ എന്ന അന്വേഷിച്ച് കണ്ടെത്തി അവരെ പ്രലോഭനങ്ങളിൽ വീഴ്ത്തിയാണ് തട്ടിപ്പിന് മുന്നിൽ നിർത്തുന്നത്.
ഭീഷണിയിലൂടെ വയനാട്ടിൽ റിസോർട്ട് ഉടമയിൽനിന്ന് 25 ലക്ഷം ഈ സംഘം വാങ്ങിയതായുള്ള വിവരവും പുറത്തു വന്നിട്ടുണ്ട്.
കണ്ണൂർ ജില്ലയിൽ ഭീഷണി നേരിടുന്ന വ്യാപാര സ്ഥാപന ഉടമകൾ നീതി തേടി ഉന്നത പോലീസ് ഉദ്യാഗസ്ഥർക്കും അവർ അംഗമായ വ്യാപാര സംഘടനയ്ക്കും പരാതി നൽകിയിരിക്കുകയാണ്.
ആദ്യം മാനസിക പീഡന പരാതി; പിന്നെ, പീഡന പരാതി
ജോലിയിലെ അനാസ്ഥയെ തുടർന്ന് സ്ഥാപനത്തിൽനിന്ന് പുറത്താക്കിയ യുവതിയെ മുൻ നിർത്തിയാണ് കണ്ണൂർ ജില്ലയിൽ ഈ സംഘം കെണി ഒരുക്കിയത്.
സ്ഥാപനത്തിന്റെ അന്തസിനെ ചോദ്യം ചെയ്യുന്ന തരത്തിലുള സംഭവങ്ങൾ കണ്ടെത്തിയതോടെയാണ് യുവതിയെ സ്ഥാപനത്തിൽനിന്നു പുറത്താക്കിയത്.
പിന്നീടുള്ള ദിവസങ്ങളിൽ നടന്നത് നാടകീയ രംഗങ്ങളാണ്. ആദ്യം ജോലി തിരിച്ച് ലഭിക്കണമെന്നാവശ്യപ്പെട്ടു. ജോലി നഷ്ടപ്പെട്ടതിനെ തുടർന്നുള്ള മാനസിക പീഡനത്തിന് നഷ്ടപരിഹാരമായി മൂന്ന് ലക്ഷവും ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് പോലീസ് സ്റ്റേഷനിൽ പരാതിയും നൽകി. ഈ പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടയിൽ ലൈംഗിക പീഡന പരാതിയുമായി യുവതി വീണ്ടും എത്തുകയായിരുന്നു.
ലൈംഗിക പരാതി പിൻവലിക്കാൻ ആദ്യം ആവശ്യപ്പെട്ടത് പത്ത് ലക്ഷം രൂപയായിരുന്നു.രണ്ട് ദിവസം പിന്നിട്ടപ്പോൾ ആവശ്യപ്പെട്ടത് അരക്കോടി. പിന്നെയത് ഒരു കോടി രൂപയായി.
പ്രശ്നം തീർക്കാം എന്ന വാഗ്ദാനവുമായി മധ്യസ്ഥരുടേതായ നിരവധി ഫോൺ കോളുകളാണ് ഉടമകൾക്ക് ലഭിച്ചിട്ടുള്ളത്. ‘പ്രശ്നം തീർക്കണം അല്ലെങ്കിൽ നാറ്റിക്കും’ ഇതായിരുന്നു മുന്നറിയിപ്പ്.
ഉടമകൾ വീഴുന്നില്ലെന്ന തോന്നലിൽ ഇന്നലെ രാത്രിയിലാണ് സംസ്ഥാനത്തുടനീളം പോസ്റ്റർ പതിക്കുമെന്ന ഭീഷണിയോടെ പോസ്റ്ററിന്റെ കോപ്പിയും ഉടമയുടെ വാട്സാപ്പിൽ എത്തിയത്.
സംഭവത്തിൽ യുവതി ആദ്യം നൽകിയ പരാതിയുടെ കോപ്പിയും രാഷ്ട്രദീപികയ്ക്ക് ലഭിച്ചിട്ടുണ്ട്. ആദ്യ പരാതി സ്റ്റേഷനിൽ തലത്തിൽ നൽകിയപ്പോൾ രണ്ടാമത്തെ പീഡന പരാതി സ്റ്റേഷനിലും മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും നൽകി.
പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ തന്നെ യുവതിയുടെ നീക്കത്തിൽ ദുരൂഹത കണ്ടെത്തിയിരുന്നു. യുവതിയെ സഹായിക്കാനെന്ന പേരിൽ മോഷണക്കേസിലെ പ്രതിയും ഭാര്യയും പോലീസ് സ്റ്റേഷനിൽ എത്തിയതോടെയാണ് ജോലി നഷ്ടപ്പെട്ടതിലുള്ള സങ്കടം മാറി പീഡന കഥകൾ വന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.