കാടാച്ചിറ: എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നാളുകളായി ജനങ്ങളുടെ ഉറക്കം കെടുത്തിയ ബ്ലാക്ക്മാൻ വലയിൽ. കാടാച്ചിറ, ആഡൂർപാലം, മന്പറം, കോട്ടം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ മുപ്പതോളം വീടുകളിൽ രാത്രികാലങ്ങളിൽ അടിവസ്ത്രം മാത്രം ധരിച്ച് കവർച്ച നടത്തുന്നത് പതിവാക്കിയ യുവാവിനെ ആണ് പോലീസ് വലയിലാക്കിയത്.
മോഷണം പതിവായതിനെ തുടർന്ന് കഴിഞ്ഞദിവസം ഇയാൾ ജനങ്ങളിൽ ഭീതിവളർത്തിയിരുന്നു. മൂന്നാഴ്ചയ്ക്കുള്ളിൽ അരക്കിലോമീറ്റർ പരിധിയിൽ മന്പറം, കോട്ടം പ്രദേശത്ത് മാത്രം 15 വീടുകളിൽ തുടർച്ചയായി കവർച്ച നടന്നിരുന്നു. കാടാച്ചിറ ഭാഗത്തും ഇതേരീതിയിൽ മോഷണം തുടർന്നിരുന്നു. ഇതിനിടയിലാണ് തമിഴ്നാട് സ്വദേശിയായ ഇയാൾ ഇന്നലെ പോലീസിന്റെ വലയിലാകുന്നത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
ചക്കരക്കൽ എസ്ഐ പി. ബിജുവിന്റെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ ഒന്നിനു രാത്രി പെരളശേരി കോട്ടം എൽപി സ്കൂളിൽ മുന്നൂറോളം പേരടങ്ങുന്ന നാട്ടുകാരുടെ യോഗം ചേർന്നിരുന്നു. ഇതേതുടർന്ന് യുവാക്കളും പോലീസും വിവിധ സ്ക്വാഡുകളിലായി പ്രവർത്തിച്ചുവരികയായിരുന്നു.
കമുക് ചുമന്നാണ് ഇയാൾ എല്ലാ വീടുകളിലും മോഷണത്തിന് എത്തിയിരുന്നത്. കമുക് വീടിന്റെ ഭിത്തിയിൽ ചാരിവച്ച് ടെറസ് വഴിയും മറ്റുമാണ് വീടിനകത്ത് എത്തുന്നത്.