ചെറുപുഴ: ഇരുട്ടിന്റെ മറവിലെത്തിയ ബ്ലാക്ക്മാന് കുരച്ചുചാടിയ നായയെ കണ്ട് പരിഭ്രമിച്ച് കയ്യാല പൊളിച്ചോടി. ചെറുപുഴ ഇടവരമ്പിലാണ് ബ്ലാക്ക്മാന് പേടിച്ചോടിയ സംഭവം.
ഇന്നലെ രാത്രി പന്ത്രണ്ടരയോടെ ഇടവരമ്പിലെ അഖില്‍ മനോജിന്റെ വീട്ടിലേക്കെത്തിയ ബ്ലാക്ക്മാനാണ് പേടിച്ചോടിയത്. അഖിലിന്റെ സഹോദരിയുടെ കുട്ടി കരയുന്നതിനാല്‍ വീട്ടുകാര്‍ ഉറങ്ങാതെ കിടക്കുകയായിരുന്നു.
അതിനിടയിലാണ് ഇവരുടെ വളര്‍ത്തുനായ പെട്ടെന്ന് കുരച്ചുചാടിയത്. പെട്ടെന്ന്തന്നെ വീട്ടുകാര്‍ ലൈറ്റിടുകയും ചെയ്തു. പിന്നീട് കേട്ടത് പേടിച്ചരണ്ട “അയ്യോ’യെന്ന വിളിയും കല്ലുകള്‍ ഉരുണ്ടുവീഴുന്ന ശബ്ദവും.
വേഗത്തില്‍ പുറത്തിറങ്ങിയ വീട്ടുകാര്‍ കണ്ടത് ശരവേഗത്തില്‍ ഓടിമറയുന്ന കറുത്ത രൂപമാണ്. വീടിനോട് ചേര്‍ന്നുള്ള കയ്യാല പൊളിഞ്ഞു കിടക്കുകയായിരുന്നു. പിന്തുടര്‍ന്നോടിയ നായയുടെ കടിയേറ്റുകാണുമെന്നാണ് വീട്ടുകാരുടെ വിശ്വാസം.