സ്വന്തം ലേഖകൻ
കണ്ണൂര്‍: വളപട്ടണം മേഖലയിലുള്ളവര്‍ ഉറങ്ങാതായിട്ട് നാളുകളേറെയായി. വാതിലില്‍ മുട്ടുന്നുവെന്ന പ്രചാരണമാണ്, പ്രത്യേകിച്ച് സ്ത്രീകള്‍ മാത്രമുള്ള വീട്ടിലുള്ളവരെ ആശങ്കയിലാക്കിയത്. വളപട്ടണം പ്രദേശത്ത് തുടങ്ങിയ വാതിലിനു മുട്ടല്‍ പിന്നീട് അഴീക്കോട് പ്രദേശങ്ങളിലേക്കും വ്യാപിച്ചു. സംഭവം നോമ്പുകാലത്തുകൂടി ആയതോടെ പ്രദേശവാസികള്‍ വിഷമവൃത്തത്തിലുമായി.
വളപട്ടണം മന്ന, മൂസക്കണ്ടി വളപ്പ് എന്നിവിടങ്ങളിലായിരുന്നു വീടിന്റെ പുറത്ത് ഉച്ചത്തില്‍ മുട്ടു കേട്ടത്. ഇതോടെ യുവാക്കളടക്കം ഇതിനു പിന്നിലുള്ളവരെ പിടികൂടാന്‍ ഉറക്കമിളച്ച് സംഘടിച്ച് കരുതലോടെ നില്‍ക്കുമ്പോഴാണ് അഴീക്കോട് മേഖലയിലും മുട്ടു തുടങ്ങിയത്.
കള്ളന്മാരാണെന്നും അല്ല കുളിമുറിയിലടക്കമുള്ള എത്തി നോട്ടക്കാരാണ് പിന്നിലെന്നും ഇവരെ ഉടനെ പിടികൂടണമെന്നുമുള്ള പരാതിയും എത്തിയതോടെ ഒടുവില്‍ വളപട്ടണം പോലീസും രംഗത്തെത്തി.
പട്രോളിംഗും പോലീസ് നിരീക്ഷണവും യുവാക്കളടക്കം നിരീക്ഷണവും ശക്തമാക്കിയിട്ടും വാതിലിനു മുട്ടുന്ന ആളെ പിടികൂടാനായില്ല. ആദ്യം മുട്ടുന്നവരെ കണ്ടെന്നു പറഞ്ഞവരും പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ തോന്നിയതാണെന്നു പറഞ്ഞ് ഊരി. എന്നാല്‍ സോഷ്യല്‍ മീഡിയകളില്‍ വീടുകളുടെ വാതിലില്‍ ഇന്നലെയും മുട്ടിയെന്ന പ്രചാരണം കൊഴുത്തു കൊണ്ടേയിരുന്നു.
ഒടുവില്‍ പ്രശ്നത്തിന് പരിഹാരം കാണാതെ നിവൃത്തിയില്ലെന്നു മനസിലാക്കിയ വളപട്ടണം പോലീസ് ഇന്നലെ സ്റ്റേഷൻ പരിധിയിലെ തങ്ങള്‍ വയല്‍, മായിറ്റാംകുന്ന്, മൈലാടത്തറ, വളപട്ടണം മേഖലയില്‍ ഡ്രോണ്‍ നിരീക്ഷണവും നടത്തി. ഇന്നലെ രാത്രി എട്ടു മുതല്‍ 10 വരെയായിരുന്നു നിരീക്ഷണം.
എന്നാല്‍ സംശയിക്കത്തക്ക ഒന്നും പോലീസിന് കണ്ടെത്താനായില്ല. വാതിലില്‍ മുട്ടുന്നുവെന്ന വ്യാജ പ്രചാരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് വളപട്ടണം സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പറഞ്ഞു.
ലോക്ക് ഡൗണ്‍ കാലത്ത് ജനങ്ങളറിയാതെ പുറത്തിറങ്ങാനായി കുറച്ചു ചെറുപ്പകാരും ചില ഒളിഞ്ഞു നോട്ടകാരും ഉണ്ടാക്കിയ നാടകമാണിതെന്നാണ് പോലീസ് ഭാഷ്യം.ഒരേ സമയങ്ങളില്‍ പലയിടത്തും കണ്ടെന്ന് പ്രചരിക്കുന്ന കള്ളന് പ്രദേശത്തെ ഒരു സിസിടിവി കാമറയില്‍ പോലും പതിയാത്തതും പോലീസിന്റെ നിഗമനം ശരിവയ്ക്കുന്നു. വളപട്ടണത്ത് ഒരു വീടിന്റെ ഡോര്‍ ലോക്ക് അഴിച്ചു വച്ചെന്നും പ്രചാരണമുണ്ടായെങ്കിലും.
ഇതൊക്കെ വാട്സ് ആപില്‍ പ്രചരിക്കുന്ന കഥകള്‍ മാത്രമാണെന്നും യാതൊരു തെളിവുമില്ലെന്നാണ് പറയുന്നത്. ആളുകള്‍ക്ക് പുറത്തിറങ്ങി നടക്കാനുള്ള ഒരു കെട്ടിച്ചമച്ച കഥയാണിതെന്നും ഇത്തരം പ്രചാരണം നടത്തിയ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുമെന്നും വളപട്ടണം ഇന്‍സ്പെക്ടര്‍ എം. കൃഷ്ണന് പറഞ്ഞു.