മുക്കം: ലോക്ക്ഡൗൺ സമയത്ത് മുക്കം,കുന്നമംഗലം, മാവൂർ, മെഡി. കോളജ് പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായ “ബ്ലാക്ക്മാൻ’ വിളയാട്ടം.ഇതിന് പിന്നിൽ വൻ സംഘമെന്ന് സംശയം. നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന ഇവരെ കുടുക്കാൻ പോലീസ് നടപടി ശക്തമാക്കി.
മാവൂര്‍, നായർ കുഴി, അരയങ്കോട്, പുൽപ്പറമ്പ്, മാളിക തടായ്, കൂളിമാട്, പൈപ്പ് ലൈൻ, ചൂലൂർ വയൽ, പുതിയാടം, വെള്ളലശേരി ഭാഗങ്ങളിൽ ഒരാഴ്ചയായി നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ് ബ്ലാക്ക്മാൻ.
വെള്ളലശേരി സങ്കേതം കുളങ്ങരക്കണ്ടി മനേഷിന്റെ വീടിന്റെ ജനൽ ചില്ലുകൾ പുലർച്ചെ രണ്ടു മണിക്ക് തകർത്തത് ഉൾപ്പെടെ നിരവധി പരാതികൾ കിട്ടിയിട്ടുണ്ട്. മാവൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മാവൂരിന്റെ പലഭാഗങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി പലസമയത്തും ബ്ലാക്ക്മാന്റെ സാന്നിധ്യമുണ്ടായെന്നാണ് നാട്ടുകാരുടെ പരാതി.
കൂടാതെ കൊടിയത്തൂർ ഭാഗങ്ങളിലും ഈ അടുത്ത ദിവസങ്ങളിൽ ബ്ലാക്ക്മാന്റെ സാന്നിധ്യമുള്ളതായി പ്രദേശവാസികൾ പറയുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് വീടിനടുത്ത് ബ്ലാക്ക്മാനെ കണ്ടെന്നാണ് പള്ളിയോൾ നങ്ങാലൻകുന്നത്ത് അനീഷിന്റെ ഭാര്യ സിനി പറയുന്നത്.
സമീപത്തെ പറമ്പിലേക്ക് പോകുമ്പോഴാണ് മുഖത്ത് കറുത്ത ചായം തേച്ച രൂപത്തെ കണ്ടത്. ഇയാൾ ചാടി എണീറ്റതോടെ ഭയന്ന് തിരിച്ചോടിയ സിനിക്ക് വീണ് കൈക്ക് പരിക്കേറ്റു. വീട്ടിലെത്തിയ ശേഷം തിരിഞ്ഞ് നോക്കിയപ്പോൾ ആളെ കണ്ടില്ലെന്നും യുവതി പറഞ്ഞു.
നാട്ടുകാരുടെ തെരച്ചിലിൽ ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. അര മണിക്കൂറിനുള്ളിൽ തൊട്ടടുത്ത് പൈപ്പ് ലൈൻ ചളുക്കിൽ സക്കീനയുടെ വീട്ടു വളപ്പിലും അജ്ഞാതനെ കണ്ടെന്ന് പരാതി ഉയർന്നു. അരയങ്കോട് ചക്കാലക്കൽ ജയരാജന്റെ വീടിനു നേരെ രാത്രി കല്ലേറുണ്ടായി.
മാവൂർ പോലീസും ജനപ്രതിനിധികളും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആളുകള്‍ ഉറങ്ങുന്നതിനു മുമ്പ് തന്നെ ഇവര്‍ പ്രത്യക്ഷപ്പെടുന്നതിനു പിന്നില്‍ ചില ഗൂഢലക്ഷ്യമുണ്ടെന്ന് പോലീസ് സംശയിക്കുന്നു.
ലോക്ക്ഡൗണിന്റെ തുടക്കത്തില്‍ ഒറ്റപ്പെട്ട ചില പ്രദേശങ്ങളില്‍ തുടങ്ങിയ ശല്യം അനുദിനം വ്യാപിക്കുന്നത് ഇതിന്റെ സൂചനയായി കരുതുന്നു.വാതിലിനു മുട്ടുക, വീടിന് കല്ലെറിയുക, ജനലിനു മുന്നില്‍ പ്രത്യക്ഷപ്പെട്ട് ഭയപ്പെടുത്തുക, പൈപ്പ് തുറന്നിടുക, രക്ത തുള്ളികളും പാടുകളും വീഴ്ത്തുക തുടങ്ങിയവയാണ് ഇവര്‍ ചെയ്യുന്നത്.
മുഖത്ത് കറുത്ത ചായം തേച്ച കറുത്ത അടിവസ്ത്രം ധരിച്ച ആളെ കണ്ടതായി പലരും പറയുന്നു. മുക്കം സ്റ്റേഷൻ പരിധിയിൽ പെട്ട കൊടിയത്തൂർ ഭാഗങ്ങളിലും രാത്രി പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ കൈമാറി ഒരേ സമയം വ്യത്യസ്ഥ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുന്ന രീതിയാണ് ഇവർ പ്രയോഗിക്കുന്നത്. രാത്രി കർശന പരിശോധനയും പട്രോളിംഗും നടക്കുന്നതിനാൽ സമീപ പ്രദേശങ്ങളിലേക്കു പോലും ഒരാൾക്ക് സഞ്ചരിക്കാൻ പ്രയാസമാണ്.
അതുകൊണ്ട് അതത് പ്രദേശങ്ങളിലുള്ളവർ തന്നെയാണ് ഇതിനു പിന്നിലെന്ന് പോലീസ് പറയുന്നു. ശല്യം രൂക്ഷമായതോടെ സംശയമുള്ളവരെയും കഞ്ചാവ് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടവരേയും രഹസ്യമായി നിരീക്ഷിക്കാൻ പോലീസ് സംവിധാനമൊരുക്കിയിട്ടുണ്ട്.