കുന്നംകുളത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തി അജ്ഞാത രൂപത്തിന്റെ തേര്‍വാഴ്ച ! വീടുകളില്‍ നിന്ന് വീടുകളിലേക്ക് പായുന്നത് സൂപ്പര്‍മാന്റെ വേഗത്തില്‍; പോലീസിനു പോലും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല…

കുന്നംകുളത്തെ ജനങ്ങളെ ഭീതിയാഴ്ത്തി അജ്ഞാതന്‍. കുന്നംകുളം മേഖലയിലെ പഴഞ്ഞി, ചിറയ്ക്കല്‍, പെരുമ്പിലാവ് തുടങ്ങിയ സ്ഥലങ്ങളിലാണ് അജ്ഞാതന്‍ വിലസി നടക്കുന്നത്.

പൊലീസിനോ നാട്ടുകാര്‍ക്കോ അജ്ഞാതനെ പിടികൂടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ ഒരു മാസത്തോളമായി കുന്നംകുളം മേഖലയില്‍ അജ്ഞാതന്റെ ശല്യമുണ്ട്.

രാത്രി എട്ടുമണിയ്ക്കു ശേഷമാണ് ഇയാള്‍ കളത്തിലിറങ്ങുന്നത്. പലവീടുകളുടെയും ടെറസില്‍ നിന്ന് വിചിത്രമായ ശബ്ദം കേള്‍ക്കും. വീടുകളില്‍ നിന്ന് മരങ്ങളിലേക്ക് അതിവേഗം ഓടിമറയുന്ന രൂപത്തിന് ആറടിയിലേറെ ഉയരമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ ആരും തന്നെ ഇയാളെ വ്യക്തമായി കണ്ടിട്ടില്ല.

രാത്രിയില്‍ പല വീടുകളുടേയും വാതിലില്‍ തട്ടി ഇയാള്‍ ഓടിമറയുന്നു. ഭയംകാരണം ഒറ്റയ്ക്ക് ആരും പുറത്തിറങ്ങുന്നില്ല. പിന്നീട് സംഘമായി യുവാക്കളടക്കം അജ്ഞാതനെ അന്വേഷിച്ച് പുറത്തിറങ്ങും.

എന്നാല്‍, ഇതുവരെ ആര്‍ക്കും അജ്ഞാതനെ പിടികൂടാന്‍ സാധിച്ചിട്ടില്ല. സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി പേരാണ് ഇതിനെ കുറിച്ച് ഇപ്പോള്‍ സംസാരിക്കുന്നത്.

നിരവധി ആളുകളാണ് ഇക്കാര്യം പറഞ്ഞ് പരാതി നല്‍കാന്‍ കുന്നംകുളം പൊലീസ് സ്റ്റേഷനിലേക്ക് വിളിക്കുന്നത്.

എന്നാല്‍ ഈ മേഖലയില്‍ മോഷണശ്രമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നുള്ളതും ശ്രദ്ധേയമാണ്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും ഇയാളെ പിടിക്കാന്‍ യുവാക്കള്‍ കൂട്ടംകൂടുന്നത് തലവേദനയുണ്ടാക്കുന്നെന്നും കുന്നംകുളം പോലീസ് പറയുന്നു.

ജനങ്ങളെ പരിഭ്രാന്തരാക്കി മറ്റെന്തോ ലക്ഷ്യം നേടാന്‍ ശ്രമിക്കുന്ന ആളുകളാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കുന്നംകുളം ഇന്‍സ്പെക്ടര്‍ കെ.ബി.സുരേഷ് പറഞ്ഞു.

ഓണ്‍ലൈന്‍ ഗെയിമിന്റെ ഭാഗമായി ആരെങ്കിലും വേഷംമാറി ചുറ്റുന്നതാണോയെന്ന് പൊലീസിനു സംശയമുണ്ട്.

ഒരേസമയം ഒന്നിലധികം സ്ഥലത്തും ഇങ്ങനെയൊരു അജ്ഞാതന്റെ സാന്നിധ്യം കണ്ടതായി ആളുകള്‍ പറയുന്നുണ്ട്. ഒന്നിലധികം പേര്‍ ചേര്‍ന്നാണ് ഇങ്ങനെയൊരു കൃത്യം ചെയ്യുന്നതെന്നാണ് പൊലീസും സംശയിക്കുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അജ്ഞാതന്റെ പ്രവൃത്തി പോലീസിന്റെയും ഉറക്കം കളയുകയാണ്.

Related posts

Leave a Comment