41 ലക്ഷത്തിന്റെ പുതിയ രണ്ടായിരം രൂപ നോട്ടുകള്‍ പിടിച്ച സംഭവം : അന്വേഷണം ഊര്‍ജിതം; സ്രോതസ് വ്യക്തമാക്കിയാല്‍ നികുതി അടച്ച് ബാക്കി തുക ഇവര്‍ക്ക് തിരിച്ചു നല്‍കുമെന്ന് ആദായനികുതി വകുപ്പ്

ekm-rupeesകൊച്ചി: ഇടപ്പള്ളിയില്‍ നിന്ന് 41 ലക്ഷം രൂപയുടെ പുതിയ 2000 രൂപ നോട്ടുകള്‍ പിടികൂടിയ സംഭവത്തില്‍ ആദായനികുതി വകുപ്പ് അന്വേഷണം തുടരുന്നു. പിടിയിലായവരുടെ പക്കല്‍ എത്തിയ പണം എവിടെ നിന്നു ലഭിച്ചു എന്നതു സംബന്ധിച്ചുള്ള അന്വേഷണം ആദായ നികുതി വകുപ്പ് തുടരുന്നു. ഇതിനായി കോയമ്പത്തൂരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് സൂചനകളുണ്ട്. പിടിയിലായ സംഘത്തിന് ചില ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയിരുന്നതായും സൂചനയുണ്ട്. ഇക്കാര്യങ്ങളില്‍ അന്വേഷണം നടക്കും.

കോയമ്പത്തൂരില്‍ കരാറുകാരനായ രാജ്തിലക്, അബ്ദുള്‍ സലാം, ഫൈസല്‍ അഹമ്മദ്, റിയാസ്, സതീഷ് എന്നിവരാണു പിടിയിലായത്. ഇവരില്‍ ര്യുു പേര്‍ മലയാളികളും മൂന്നു പേര്‍ തമിഴ്‌നാട് സ്വദേശികളുമാണ്.
അസാധുവായ നോട്ടുകള്‍ക്കു പകരം പുതിയ നോട്ടുകള്‍ മാറ്റി നല്‍കുന്ന സംഘമാണിതെന്നാണു സൂചന. ഇടപ്പള്ളിയില്‍ വച്ചു പഴയ നോട്ട് കൈമാറാനെന്ന വ്യാജേന ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരെ സമീപിച്ചാണു കുടുക്കിയത്. വേഷം മാറിയെത്തിയ ഉദ്യോഗസ്ഥര്‍ പഴയ അഞ്ഞൂറിന്റെ നോട്ട് കെട്ട് നല്‍കി പുതിയ 2000 രൂപയുടെ നോട്ട് വാങ്ങി. തുടര്‍ന്നായിരുന്നു അറസ്റ്റ്.

സംസ്ഥാനത്ത് പഴയ നോട്ടുകള്‍ മാറി നല്‍കുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി സൂചനകളുണ്ടായിരുന്നു.  ഇതിനായി തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് പണമൊഴുക്കുന്നതായും ആദായനികുതി വകുപ്പിന് സൂചന ലഭിച്ചിരുന്നു. ചില ഏജന്റുമാരാണ് ഇതിനു പിന്നിലെന്ന് എന്‍ഫോഴ്‌സ്‌മെന്റിന് വിവരം ലഭിച്ചിട്ടുണ്ട്. കരാര്‍ ജോലി ചെയ്തു കിട്ടിയ 30 ലക്ഷം രൂപ തൊഴിലാളികളെ ഉപയോഗിച്ച് പുതിയ നോട്ടാക്കി മാറ്റിയതും മറ്റു ചിലയിടങ്ങളില്‍ നിന്ന് സംഘടിപ്പിച്ച നോട്ടുകളുമാണ് കൈയിലുണ്ടായിരുന്നതെന്നാണ് സംഘം ചോദ്യം ചെയ്യലില്‍ പറയുന്നത്.

41 ലക്ഷത്തിന്റെ പുതിയ നോട്ട് കൈയില്‍ വന്നപ്പോള്‍ ഇത് പഴയ നോട്ടുകളുമായി മാറ്റി ലാഭമുണ്ടാക്കാമെന്ന് വിവരം ലഭിച്ചപ്രകാരമാണ് കൊച്ചിയിലേക്ക് വന്നതെന്നും ചോദ്യം ചെയ്യലില്‍ പറഞ്ഞു. ചോദ്യം ചെയ്യലിനു ശേഷം സംഘത്തെ ആദായനികുതി വകുപ്പ് വിട്ടയച്ചു. അടുത്ത ദിവസം വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പണത്തിന്റെ സ്രോതസ് സംബന്ധിച്ച് വ്യക്തമായി ധരിപ്പിച്ചാല്‍ നികുതി അടച്ച് ബാക്കി തുക ഇവര്‍ക്ക് വിട്ടുനല്‍കും.

Related posts