താനൂരിലും പറവണ്ണ വേളാപുരത്തും കടല്‍ പിന്‍വാങ്ങിയിടത്ത് വെള്ളത്തിന് നിറം മാറ്റം. വെള്ളം ചെളി നിറഞ്ഞ് കറുപ്പ് നിറമായി. തിരമാലകള്‍ ചെരിഞ്ഞാണ് അടിയ്ക്കുന്നത്. രൂക്ഷമായ കടല്‍ക്ഷോഭവുമുണ്ട്. ഇന്നലെ പുലര്‍ച്ചെമുതലാണ് കടലില്‍ വ്യതിയാനം കണ്ടത്. രാവിലെ 8.30 ഓടെ 10 മീറ്റര്‍ കരയെ വിഴുങ്ങിയെങ്കില്‍ 11 മണിയോടെ പഴയതില്‍നിന്ന് വ്യത്യസ്തമായി അഞ്ചുമീറ്ററിലധികം ഉള്‍വലിഞ്ഞു. വെള്ളിയാഴ്ചയായതിനാല്‍ മീന്‍പിടിത്ത തൊഴിലാളികള്‍ കടലില്‍ പോയിരുന്നില്ല.
തോണികളും വലകളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. മീന്‍ പിടുത്തക്കാരും കടലോരവാസികളും കടല്‍ കാണാന്‍ പോകുന്നവരും ജാഗ്രതപാലിക്കണമെന്ന് തിരൂര്‍ സിഐ എം കെ ഷാജി, എസ് ഐ സുമേഷ് സുധാകര്‍ എന്നിവര്‍ വാട്സ് ആപ് ശബ്ദസന്ദേശം നല്കി. തിരൂരിലും പരിസരപ്രദേശങ്ങളിലും മഴ കനം കുറഞ്ഞിട്ടുണ്ട്. കടലോരത്ത് പൊലീസ് പിക്കറ്റ് പോസ്റ്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്.