തൃപ്രയാർ: നവകേരള സദസിനു കറുത്ത ഷർട്ട് ധരിച്ചെത്തിയ സി.സി. മുകുന്ദൻ എംഎൽഎയുടെ പിഎ അസ്ഹർ മജീദിനെ പോലീസ് തടഞ്ഞു.
വേദിക്കു മുന്നിലെത്തിയ അസ്ഹറിനോടു പുറത്തു പോകാൻ കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിൽ പോലീസ് ആവശ്യപ്പെട്ടതു തർക്കത്തിനിടയാക്കി.
തുടർന്ന് സി.സി. മുകുന്ദൻ പോലീസിനെതിരേ തിരിയുകയായിരുന്നു. പരിപാടി പൊളിക്കാൻ പോലീസ് ശ്രമിക്കുകയാണെന്നും പ്രത്യേകിച്ച് ഡിവൈഎസ്പിക്കാണ് യോഗം പൊളിക്കാൻ താത്പര്യമെന്നും ജനങ്ങൾ ശ്രദ്ധിക്കണമെന്നും നവകേരള സദസിന്റെ അധ്യക്ഷനായിരുന്ന സി.സി. മുകുന്ദൻ മൈക്കിലൂടെ വിളിച്ചുപറഞ്ഞു.
മന്ത്രിമാരായ ആർ. ബിന്ദു, സജി ചെറിയാൻ, ആന്റണി രാജു, ജി.ആർ. അനിൽ എന്നിവർ വേദിയിലിരിക്കുമ്പോഴായിരുന്നു സംഭവം. ഈ സമയം മുഖ്യമന്ത്രി എത്തിയിരുന്നില്ല. എംഎൽഎ ഇടപെട്ടതോടെ പോലീസ് അസ്ഹറിനെ തടയുന്നതിൽനിന്നു പിന്മാറി.