പത്തനംതിട്ട: കാട്ടുപന്നികളുടെ ശല്യം കാരണം ബുദ്ധിമുട്ടിലായ കർഷകർക്ക് കരിമഞ്ഞൾ ആശ്വാസമാകുന്നു.കരിമഞ്ഞൾ കാട്ടുപന്നികൾക്ക് പ്രതിരോധം തീർക്കുമെന്ന് മുന്പ് വയനാട്ടിലെ കർഷകർ പരീക്ഷിച്ചു കണ്ടെത്തിയിരുന്നു. ഇത് പത്തനംതിട്ട ജില്ലയിലെ പല കൃഷിയിടങ്ങളിലേക്കു വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ.
കരിമഞ്ഞളിൽനിന്നുള്ള രൂക്ഷഗന്ധമാണ് പന്നിയെ അകറ്റുന്നത്. കൃഷിയിടത്തിലേക്ക് പ്രവേശിക്കുന്ന പന്നി മഞ്ഞൾ തുരക്കാൻ ശ്രമിക്കുന്നതോടെ ഇതിന്റെ ഗന്ധം അടിക്കുകയും ഓടിമാറുകയും ചെയ്യും.
കർപ്പൂരത്തിന്റെ സമാനമായ ഗന്ധമാണ് കരിമഞ്ഞളിൽനിന്നുണ്ടാകുന്നത്. കരിമഞ്ഞളിന്റെ പ്രതിരോധ സാധ്യത തിരിച്ചറിഞ്ഞ് പത്തനംതിട്ട ജില്ലയിൽ ആനിക്കാട്, വാര്യാപുരം ഭാഗങ്ങളിൽ പലരും ഇതു കൃഷി ചെയ്തു തുടങ്ങി.പ്രതിരോധത്തോടൊപ്പം കരിമഞ്ഞൾ കൃഷി വരുമാനമാർഗവുമാണെന്ന് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നു.
ലാഭകരം
കരിമഞ്ഞൾ ആയുർവേദ മരുന്നായതിനാൽ ഇവയ്ക്ക് വിപണിയിൽ മെച്ചപ്പെട്ട വിലയുണ്ട്. കരിമഞ്ഞളിന് കാൻസർ പ്രതിരോധം അടക്കം ഔഷധഗുണമുളളത് മെഡിക്കൽ ലോകം തിരിച്ചറിഞ്ഞതാണ്.
വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന ഇനം മഞ്ഞളാണിത്. വിളവെടുക്കുന്ന മഞ്ഞൾ ഉണക്കി പൊടിച്ച് നൽകിയാൽ മെച്ചപ്പെട്ട വില ലഭിക്കും. കിലോഗ്രാമിന് 2000 രൂപ വരെ വിലയുണ്ട്. വിപണിയിൽ ലഭ്യത കുറവുള്ള ഇനമാണിത്. കാട്ടിൽനിന്ന് മുന്പ് ആദിവാസികൾ ശേഖരിച്ച് നാട്ടിൻപുറങ്ങളിലെത്തിച്ചിരുന്നു. നടുന്നതിനുള്ള വിത്ത് ഇപ്പോൾ വയനാടൻ മേഖലയിൽനിന്നു ലഭ്യമാണ്.
ഉപദേശം നൽകി ഐസക്ക് തോമസ്
കരിമഞ്ഞൾ വേലി സംബന്ധിച്ച് സൗജന്യ ഉപദേശം നൽകാൻ തയാറാണെന്ന് മല്ലപ്പള്ളി ആനിക്കാട് വടക്കേടത്ത് ഐസക്ക് തോമസ്. വയനാട്ടിലെ കർഷകരിൽനിന്നാണ് ഐസക്ക് ഇക്കാര്യങ്ങൾ പഠിച്ചത്. നാട്ടിൻപുറങ്ങളിലെ പന്നി ശല്യം ഏറിയതോടെ പരീക്ഷണം വിജയപ്രദമാകുന്നുണ്ട്.
കരിമഞ്ഞൾ കൃഷിയെ പ്രോത്സാഹിപ്പിക്കണമെന്നും കാട്ടുപന്നി പ്രതിരോധമായി കൃഷി ചെയ്യണമെന്നും ആവശ്യപ്പെട്ട് സർക്കാരിനും കേരളത്തിലെ മുഴുവൻ കളക്ടർമാർക്കും നിവേദനം നൽകിയിരുന്നു. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുന്നതിലേക്ക് വനം, വന്യജീവി ഡയറക്ടർക്ക് പാലക്കാട് കളക്ടർ കത്തു കൈമാറിയിരുന്നുവെന്നും ഐസക്ക് തോമസ് പറഞ്ഞു.
കാട്ടാന ശല്യം ഏറെയുള്ള മേഖലകളിൽ ചെറുനാരങ്ങയുടെ തൈകൾ നട്ട് കൃഷിയിടം സംരക്ഷിക്കാമെന്ന് ഐസക്ക് പറയുന്നു. നാരകത്തിന്റെ മുള്ളുകൾ കാരണം ആന കൃഷിയിടത്തിലേക്ക് കയറാൻ മടിക്കും. കൃഷിയിട അതിരുകളിൽ തേനീച്ചക്കൂടുകൾ സ്ഥാപിച്ചും ആനയെ ഓടിക്കാനാകും. പ്രതിരോധത്തോടൊപ്പം ആദായകരമായ ബദൽ കൃഷിരീതികളാണ് ഐസക്ക് തോമസ് പരിചയപ്പെടുത്തുന്നത്. ഫോൺ: 8078153963.
പ്രതിരോധം ഇങ്ങനെ…
കാട്ടുപന്നിയുടെ ശല്യം ഏറെയുള്ള കൃഷിയിടങ്ങൾക്ക് ചുറ്റും കരിമഞ്ഞൾ കൊണ്ട് വേലി തീർക്കുകയാണ് വേണ്ടത്. കൃഷിയിടത്തിന്റെ നാലുവശങ്ങളിലും കരിമഞ്ഞൾ നട്ടുവളർത്തി ഇത് സാധ്യമാകും. കൃഷിയിടത്തിനു ചുറ്റും ഒരു മീറ്റർ അകലത്തിൽ മഞ്ഞളിന്റെ വിത്ത് കുഴിച്ചിട്ടാൽ മതിയാകും. ഇതു സ്വയം വളർന്നു വരും.
ഒരു സെന്റിൽ ഒരു കിലോഗ്രാം മഞ്ഞളാണ് ഇത്തരത്തിൽ കൃഷി ചെയ്യേണ്ടത്. മഴക്കാലത്തിനു തൊട്ടുമുന്പായി കൃഷി ഇറക്കാം. കാട്ടുമഞ്ഞളായതിനാൽ പ്രത്യേകിച്ച് വളം ചെയ്യേണ്ടതില്ല. കരിമഞ്ഞൾ കാർഷികവിളകളെ സംരക്ഷിക്കുകയും ചെയ്യും. പച്ചക്കറി കൃഷിയിൽ പ്രാണികളുടെ ശല്യം കുറയാനും എലിശല്യം ഒഴിവാക്കാനുമൊക്കെ ഇത് ഉപകരിക്കും.